തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ കൊച്ചി ന്യുവാൽസിൽ (നാഷണൽ യൂണവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ്) അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിയിൽ നിന്ന് മാറ്റി സർവകലാശാല നേരിട്ട് നടത്താൻ വഴിയൊരുക്കുന്നു. 2015 മുതൽ സർവകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിയാണ് നടത്തുന്നത്. പി.എസ്.സിയെ ഒഴിവാക്കാനുള്ള നിയമഭേദഗതി ബിൽ ഇന്നലെ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ന്യുവാൽസിന് മാത്രം ബാധകമാകുന്നതാണിത്. അടുത്തയാഴ്ച ചേരുന്ന സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം.
നിയമ സർവകലാശാലയിൽ നിയമിക്കപ്പെടുന്നവരുടെ സേവന വ്യവസ്ഥകൾ മറ്റ് സർവകലാശാലകളുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന കാരണം പറഞ്ഞാണ് നിയമ ഭേദഗതി. ബിൽ നിയമമാവുന്നതോടെ അനദ്ധ്യാപക നിയമനങ്ങൾ സർവകലാശാല ഭരണസമിതിക്ക് നേരിട്ട് നടത്താനാകും. ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ പി.എസ്.സിയുടെ നിയന്ത്രണമുണ്ടാവില്ല. സേവന വ്യവസ്ഥ വ്യത്യസ്തമായതിനാൽ പി.എസ്.സിക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്താമെന്നിരിക്കെയാണിത്. ലോകായുക്തയുടെയും ഹൈക്കോടതി നിയമിച്ച ജുഡിഷ്യൽ കമ്മിഷന്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്കു വിട്ടത്. നിയമഭേദഗതിക്കെതിരേ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |