മലയാളം അടക്കം പല ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമാണ് ബിഗ് ബോസ്. അപരിചിതരായ കുറച്ചുപേർ ഒന്നിച്ചു താമസിക്കുന്നതും നൽകുന്ന ടാസ്‌കുകൾ ചെയ്യുന്നതുമൊക്കെയാണ് ഷോയിൽ ഉള്ളത്. ബിഗ് ബോസ് സീസൺ 19 ഹിന്ദിയിൽ നിന്നുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിഗ് ബോസ് ഹൗസിൽ എത്തിയ ഒരു അതിഥിയെക്കുറിച്ചാണ് റിപ്പോർട്ടുകൾ.
വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നില്ല അതിഥി ഹൗസിനുള്ളിൽ എത്തിയത്. ആരാണ് ആ അതിഥി എന്നല്ലേ ചിന്തിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു പാമ്പാണ് ഹൗസിനുള്ളിലെത്തിയത്. ബിഗ് ബോസ് 19 ലെ വീട്ടിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടതെന്നാണ് വിവരം.
മത്സരാർത്ഥിയായ ഗൗരവ് ഖന്നയാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം ഉടൻ തന്നെ മറ്റുള്ളവരെ വിവരമറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ബിഗ് ബോസ് എല്ലാവരോടും പൂന്തോട്ടത്തിലേക്ക് മാറാൻ നിർദ്ദേശിച്ചു. മത്സരാർത്ഥിയായ മൃദുൽ തിവാരി പാമ്പിനെ പിടിച്ച് ഒരു കുപ്പിയിലാക്കിയെന്നാണ് വിവരം.
രസകരമെന്നു പറയട്ടെ, ബിഗ് ബോസ് ഹൗസിൽ പാമ്പ് കയറിയതായിട്ടുള്ള റിപ്പോർട്ടുകൾ ഇത് ആദ്യമായിട്ടല്ല വരുന്നത്. മുൻ സീസണുകളിലും ഒരു പാമ്പ് വീട്ടിൽ കയറിയതായി അവകാശപ്പെടുന്ന വീഡയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ വീഡിയോകൾ വ്യാജമാണെന്നും മത്സരാർത്ഥികൾ സുരക്ഷിതരാണെന്നും ബിഗ് ബോസ് അന്ന് വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ പാമ്പ് കയറിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളോട് ബിഗ് ബോസ് അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |