ചെന്നൈ: കരൂർ സംഭവത്തിന് പിന്നാലെ ബി.ജെ.പി ദേശീയ നേതൃത്വം വിജയ്‌യുമായി അടുക്കാൻ ശ്രമം ആരംഭിച്ചു. എൻ.ഡി.എ അയച്ച നടികൂടിയായ ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എം.പിമാരുടെ സംഘം വിജയ്‌യെ കുറ്റപ്പെടുത്താതിരുന്നത് ഇതിന്റെ ആദ്യപടിയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലെന്നു സംഭവത്തെ കുറിച്ച് കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് വിജയ്‌യുടെ ആവശ്യം.
ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിജയ്‌യെ ഫോണിൽ വിളിച്ചു സംസാരിച്ചു. നിലവിലെ സുരക്ഷ കൂട്ടുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് വിവരം. അമിത്ഷാ വിളച്ചപ്പോൾ വിജയ് സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന പ്രചാരണം ശരിയല്ലെന്നാണ് ഇന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്വേഷണം സി.ബി.ഐക്ക് കൈമാറിയാൽ അത് ഡി.എം.കെയ്ക്ക് രാഷ്ട്രീയമായ തിരിച്ചടിയാകും. സിബിഐ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, മുൻ മന്ത്രി സെന്തിൽ ബാലാജി ഉൾപ്പെടെയുള്ളവർ അന്വേഷണത്തിന് വിധേയരാകുമെന്നുാണ് ഡി.എം.കെ ഭയക്കുന്നത്.
അതേസമയം ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേർ ആശുപത്രി വിട്ടു. ആറ് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസം വിജയ്‌യുടെ വീഡിയോ പുറത്തു വന്ന ശേഷം സർക്കാരിന്റെ ഭാഗത്തു നിന്നും ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത് സർക്കാർ വക്താവും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുദയായിരുന്നു. വിജയ് കരൂരിൽ 12 മണിക്ക് എത്തുമെന്ന ടിവികെയുടെ പ്രചാരണത്തിന്റെ ദൃശ്യവും ടി.വി.കെ പ്രവർത്തകർ കടകൾക്ക് മുകളിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും അവർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. കുഴഞ്ഞുവീണ ആളുകളെ പൊലീസ് പരിചരിക്കുന്നതിന്റെയും തിരക്കിലും പെട്ട് വീണ ആളുകൾക്ക് മുകളിലേക്ക് വീണ്ടും ആളുകൾ വീഴുന്ന ദൃശ്യങ്ങളും പുറത്തു വിട്ടവയിൽ ഉണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന ആരോപണവും സർക്കാർ തള്ളി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്നും പ്രവർത്തകർ ജനറേറ്റർ വെച്ച ഭാഗത്തേക്ക് ഇടിച്ചു കയറിയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ വിജയ്‌യെ ആൾക്കൂട്ടത്തിൽ നിന്നും ആരോ ചെരിപ്പെറിയുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു.
►വിജയ്‌ക്ക് എന്തുപറയാനും സ്ക്രിപ്ട് വേണം
ഒരു ദുരന്തം ഉണ്ടായ ശേഷം അതിനെപറ്റ് പ്രതികരിക്കാൻ വിജയ് നാലു നാൾ എടുത്തത് പറയാനുള്ള സ്ക്രിപ്ട് കിട്ടാത്തതുകൊണ്ടാണെന്ന് നാംതമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ കളിയാക്കി.
സ്വകാര്യ വിമാനത്തിൽ പറന്നുവന്ന് സംസാരിച്ചിട്ട് പറന്നു പോയ വിജയ്‌ക്ക് എങ്ങനെ നല്ല മുഖ്യമന്ത്രിയാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ പ്രതിപക്ഷ നേതാവ് എടപ്പാടിപളനിസാമി ചോദിച്ചു. ദുരന്തം വരുത്തിവച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ പരാജയം സർക്കാർ മറച്ച് വെക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
'ജസ്റ്റിസ് അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചിരിക്കെ സംഭവത്തെക്കുറിച്ച് വാർത്താ സമ്മേളനം നടത്താൻ സർക്കാർ വക്താവിന് എന്തിന്റെ ആവശ്യമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മന്ത്രിമാരും ഉണ്ടായിരിക്കെ സർക്കാർ ഉദ്യോഗസ്ഥ എന്തിനാണ് മാദ്ധ്യമങ്ങളെ കണ്ടത്', അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |