മദ്ധ്യപ്രദേശ്: ദുർഗ്ഗാ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് സംഭവം ഉണ്ടായത്. വിജയദശമി ദിനത്തിലെ ചടങ്ങുകൾക്കായി തടാകത്തിലേക്ക് ദുർഗ്ഗാവിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്. പ്രായപൂർത്തി ആകാത്ത 3 പേരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചയായി ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാന്ധാന പ്രദേശത്താണ് സംഭവം നടന്നത്. വിവിധ ഗ്രാമങ്ങളിൽ നിന്നും തടാകത്തിൽ നിമജ്ജനം ചെയ്യുന്നതിനായി ദുർഗാ വിഗ്രഹങ്ങൾ കയറ്റിവന്ന ട്രാക്ടറിൽ ഭക്തരും സഞ്ചരിക്കുന്നുണ്ടായിരുന്നു. അർഡ്‌ല, ജാംലി ഗ്രാമങ്ങളിൽ നിന്നുള്ള 25 ഓളം പേർ ട്രോളിയിലുണ്ടായിരുന്നു. തടാകത്തിനരികിലുള്ള ചെറിയ പാലത്തിൽ നിർത്തി ഇട്ടിരുന്ന ട്രാക്ടർ ട്രോളി ബാലൻസ് തെറ്റി മറിയുകയായിരുന്നു. തുടർന്ന് അതിലുണ്ടായിരുന്ന യാത്രക്കാർ വെള്ളത്തിലേക്ക് വീണു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പ്രാദേശിക മുങ്ങൽ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ( ഇൻഡോർ റൂറൽ റേഞ്ച്) അനുരാഗ് കുമാർ ദേശീയ മാദ്ധ്യമങ്ങളോേട് പ്രതികരിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഐജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |