ശ്രീനഗർ: ലഡാക്ക് സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. ശനിയാഴ്ച മുതൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സംഘർഷത്തിന്റെ കാരണം, ഉത്തരവാദികളാരെന്ന് കണ്ടെത്തൽ, നിയമപാലകർ സാഹചര്യം കൈകാര്യം ചെയ്ത രീതി തുടങ്ങിയവ അന്വേഷിക്കും. സമയബന്ധിതമായി അന്വേഷണം നടത്തുമെന്നും നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് വിവിധ സംഘടനകൾ നിരന്തരമായി ആവശ്യമുന്നയിക്കുന്നതിനിടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, സമരക്കാതെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് നിലപാട് കടുപ്പിച്ചു. സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കാതെ അനുനയത്തിനില്ലെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. സംഘർഷത്തെ സംബന്ധിച്ച് വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കലക്ടറുടെ ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |