ന്യൂഡൽഹി: സംവരണത്തിനുള്ള 50 ശതമാനം പരിധി പ്രത്യേക സാഹചര്യങ്ങളിൽ മാറ്റുന്നത് പരിഗണിക്കണമെന്ന് മദ്ധ്യപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. ജനസംഖ്യാ പ്രാതിനിദ്ധ്യം അനുസരിച്ച് സർക്കാർ ജോലികളിൽ ഒ.ബി.സി വിഭാഗത്തിനുള്ള നിലവിലെ 14% സംവരണം 27% ആയി ഉയർത്താനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് സർക്കാർ സത്യവാങ്‌മൂലം നൽകിയത്.
സംസ്ഥാന ജനസംഖ്യയുടെ 85% ത്തിലധികം വരുന്ന പിന്നാക്ക സമുദായങ്ങൾ ഇപ്പോഴും കടുത്ത പിന്നാക്കാവസ്ഥയിലായത് പരിഗണിച്ച് സംവരണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. നിലവിലെ 14% സംവരണം അവരുടെ ജനസംഖ്യാപരമായ വിഹിതത്തിനും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയ്ക്കും ആനുപാതികമല്ല. സംവരണം 27% ആയി ഉയർത്തുന്നത് ഭരണഘടനാപരമായി വരുത്തേണ്ട നിർബന്ധിത തിരുത്തൽ നടപടിയാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 'അസാധാരണ സാഹചര്യങ്ങളിൽ' 50% പരിധി കടക്കാമെന്ന് ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധിയിൽ (1992) പറയുന്നുണ്ടെന്ന് മധ്യപ്രദേശ് വാദിക്കുന്നു. മധ്യപ്രദേശിലെ ഒ.ബി.സി സാഹചര്യം അസാധാരണമാണ്.
2019 ലെ മധ്യപ്രദേശ് ലോക് സേവ (പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം) നിയമ പ്രകാരം ഒ.ബി.സി സംവരണം 14% ൽ നിന്ന് 27% ആയി ഉയർത്തിയ നടപടി ചോദ്യം ചെയ്‌തുള്ള ഹർജികൾക്ക് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
മധ്യപ്രദേശിൽ 16%പട്ടികജാതി, 20% പട്ടികവർഗ, 10% സാമ്പത്തിക സംവരണം നിലവിലുണ്ട്. ഒ.ബി.സി വിഭാഗത്തിന് 27% നീക്കിവച്ചാൽ സംവരണം 50% പരിധി കവിയുമെന്ന് ചൂണ്ടിക്കാട്ടി നിയമം 2022ൽ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. 2024ൽ സംസ്ഥാനം അപ്പീൽ നൽകിയെങ്കിലും സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. അന്തിമ വാദം ഒക്ടോബർ 8 ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്‌മൂലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |