ഭോപ്പാൽ: ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നവജാത ശിശുവിനെ കാട്ടിലുപേക്ഷിച്ച് മാതാപിതാക്കൾ. ഒരു ദിവസം കാട്ടിൽ കഴിഞ്ഞ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. നാലാമത്തെ കുഞ്ഞിനെയാണ് പിതാവും സർക്കാർ സ്‌കൂൾ അദ്ധ്യാപകനുമായ ബബ്ളു ദണ്ഡോലിയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയും ചേർന്ന് കാട്ടിൽ ഉപേക്ഷിച്ചത്. രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് മദ്ധ്യപ്രദേശിൽ സർക്കാർ ജോലിയിൽ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന ഭയത്താൽ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച വിവരം ഇവർ മറച്ചുവയ്ക്കുകയായിരുന്നു.
സെപ്തംബർ 23ന് രാവിലെ ഇവരുടെ വീട്ടിലാണ് പ്രസവം നടന്നത്, മണിക്കൂറുകൾക്കകം കാട്ടിൽ ഉപേക്ഷിച്ചു. കരച്ചിൽ കേട്ട് പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ വനത്തിൽ കല്ലിനടിയിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തണുത്തുറഞ്ഞ നിലത്ത് ഉറുമ്പരിച്ച നിലയിലാണ് കുഞ്ഞ് കിടന്നിരുന്നത്. ഉറുമ്പുകടിയേറ്റ മുറിവും ഹൈപ്പോഥെർമിയയുടെ (ശരീരത്തിൽ താപനില കുറയുന്ന അവസ്ഥ) ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഒരു രാത്രി മുഴുവൻ അതിജീവിച്ചത് അദ്ഭുതമാണെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |