പിറവന്തൂരുകാർക്ക് പ്രഭാതനക്ഷത്രമായിരുന്നു കേരളകൗമുദി ഏജന്റ് എൻ.രവീന്ദ്രൻ. എല്ലാ പുലർച്ചെകളിലും നിറചിരിയോടെ അവർക്ക് മുന്നിൽ പത്രവുമായി എത്തിയിരുന്ന അദ്ദേഹം സ്നേഹനിർഭരമായ ഇടപെടലുകളിലൂടെ പിറവന്തൂരുകാരുടെ മനസുകളിൽ ഒരു കുടുംബാംഗത്തെപ്പോലെ നിറയുകയായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകൻ ആർ.രജനീഷും കേരളകൗമുദി ഏജന്റാണ്. അച്ഛനെപ്പോലെ എല്ലാ പ്രഭാതങ്ങളിലും പിറവന്തൂരിന്റെ ഹൃദയവഴികളിലൂടെ സഞ്ചരിക്കുന്ന രജനീഷും നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്.
ആറ് പതിറ്റാണ്ട് മുമ്പാണ് എൻ.രവീന്ദ്രൻ കേരളകൗമുദി ഏജന്റായത്. നാടിന്റെ അക്ഷര വെളിച്ചമായിരുന്നു അദ്ദേഹം. വീടുവീടാന്തരം കയറിയിറങ്ങി അദ്ദേഹം കേരളകൗമുദിക്ക് വരിക്കാരെ കണ്ടെത്തി. അദ്ദേഹത്തിന്റെ സ്നേഹരൂപേണയുള്ള അഭ്യർത്ഥന പ്രകാരമാണ് പിറവന്തൂരിൽ പലരും പത്രം വരുത്തിത്തുടങ്ങിയത്. വെറുതെ വീടിന് മുന്നിൽ പത്രമിട്ട് മടങ്ങുന്ന ആളല്ല അദ്ദേഹം. സമയം കിട്ടുമ്പോഴെല്ലാം വരിക്കാരുമായി സംസാരിക്കും. അത്തരം ചർച്ചകളിൽ രാഷ്ട്രീയവും സാമൂഹ്യ പ്രശ്നങ്ങളുമൊക്കെ കടന്നുവരും. അങ്ങനെ വായനക്കാരുടെ അഭിപ്രായങ്ങളും അവർ ആവശ്യപ്പെടുന്ന വിവരങ്ങളും അദ്ദേഹം പത്ര ഓഫീസുകളെ അറിയിക്കുമായിരുന്നു.
എസ്.എൻ.ഡി.പി യോഗത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും സജീവ പ്രവർത്തകനായിരുന്നു. ശിവഗിരി തീർത്ഥാടന പദയാത്രകളെ സ്വീകരിക്കാൻ അദ്ദേഹം മുന്നിലുണ്ടാകുമായിരുന്നു. ആദ്യകാലത്ത് സൈക്കിൾ ചവിട്ടിയായിരുന്നു പത്ര വിതരണം. പിന്നെ വിതരണത്തിന് പ്രത്യേകം ആളിനെ നിയോഗിച്ചു. വിദ്യാഭ്യാസത്തിന് ശേഷം പത്രം ഏജൻസി ജീവിതമാർഗമായി അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. മറ്റ് തൊഴിലുകളെക്കുറിച്ചൊന്നും ചിന്തിക്കാതിരുന്ന അദ്ദേഹം പത്ര ഏജൻസിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിതം പടുത്തുയർത്തിയത്.
കേരളകൗമുദി പിറവന്തൂർ ഏജന്റാണ് എൻ.രവീന്ദ്രൻ. മകൻ ആർ.രജനീഷ് പിറവന്തൂർ ഈസ്റ്റ് ഏജന്റും. ഏജൻസി നടത്തിപ്പിൽ ഇപ്പോൾ രജനീഷ് അച്ഛനെ സഹായിക്കുന്നുണ്ട്. പിറവന്തൂർ അലിമുക്ക് മണിമന്ദിരത്തിലാണ് താമസം. ശ്യാമളയാണ് ഭാര്യ. രതീഷ്, രജീഷ് എന്നിവർ മറ്റ് മക്കൾ. പ്രീത, അനുശ്രീ, സോണി എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |