തിരുവനന്തപുരം: മൂന്നുവയസുകാരനായ 'അറിവി' നെയും കൂട്ടുകാരെയും അക്ഷരലോകത്തേക്ക് നയിച്ചത് മന്ത്രി അപ്പൂപ്പൻ. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഒൻപത് കുഞ്ഞുങ്ങൾക്കാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആദ്യാക്ഷരം കുറിച്ചത്. അ..അമ്മ, അച്ഛൻ, അറിവ്, സ്‌നേഹം, സത്യം, സന്തോഷം,സ്‌നേഹം, ശാന്തി എന്നീ വാക്കുകൾക്കൊപ്പം എ.ബി.സി ഡിയും കുഞ്ഞുങ്ങളെക്കൊണ്ട് എഴുതിച്ചു. ചിലർ മടികൂടാതെ എഴുതിയപ്പോൾ ചിലർ പിണങ്ങിയും ചിണുങ്ങിയും വഴുതിമാറാൻ ശ്രമിച്ചു. എഴുത്തുതാലത്തിലെ അരിയും പൂവും വാരിക്കഴിച്ച ചിലർ ചടങ്ങിൽ ചിരി പടർത്തി.
മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസാണ് വേദിയായത്. അക്ഷരം പകർന്നശേഷം മിഠായിയും പായസവും നൽകിയാണ് മന്ത്രിയും ഭാര്യ ആർ.പാർവതീദേവിയും കുരുന്നുകളെ മടക്കി അയച്ചത്.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപിയും സന്നിഹിതനായിരുന്നു. ചടങ്ങ് ആഘോഷകരമാക്കാൻ പോറ്റമ്മമാർ സ്വന്തമായി തയ്യാറാക്കിയ പായസവും വിഭവങ്ങളുമായാണ്
മന്ത്രി മന്ദിരത്തിലെത്തിയത്. ശിശുക്ഷേമ സമിതി ട്രഷറർ
കെ.ജയപാലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |