ശിവഗിരി: ശിവഗിരി ശ്രീശാരദാ സന്നിധിയിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഗുരുദേവ സന്യസ്ത ശിഷ്യർ ആദ്യാക്ഷരം പകർന്നു നൽകി. പുലർച്ചെ മുതൽ ശിവഗിരി മഠവും സമീപ പ്രദേശങ്ങളും വൻ തിരക്കിലായിരുന്നു. മഹാസമാധിയിലും ശാരദാമഠത്തിലും വിശേഷാൽ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ, സ്വാമി യോഗാനന്ദ തീർത്ഥ,സ്വാമി ഗുരുപ്രസാദ്, സ്വാമി ഹംസതീർത്ഥ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശിവഗിരി മഠത്തിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിൽ നിന്നെത്തിച്ചേർന്ന മറ്റു സന്യാസിശ്രേഷ്ഠർ ഉൾപ്പെടെയുള്ളവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയത്. പതിവിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചതിനാൽ രക്ഷിതാക്കൾക്ക് ഏറെനേരം കാത്തുനിൽക്കാതെ രജിസ്റ്റർ ചെയ്യാനും ശാരദാമഠത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനുമായി. എത്തിച്ചേർന്നവർക്കെല്ലാം ഗുരുപൂജാഹാളിൽ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ഗുരുപൂജാ ഭക്ഷണവും നൽകി. നവരാത്രി മണ്ഡപത്തിൽ തുടക്കംകുറിച്ച വൈവിദ്ധ്യമാർന്ന പരിപാടികളും ആലാപനങ്ങളും നടന്നു. വൈദികമഠം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിലും ദർശനം നടത്തിയാണ് ഭക്തർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |