കണ്ണൂർ: ചെണ്ടുമല്ലി പൂവിൽ നിന്ന് ശ്യാമിലി ഒരുക്കിയ ഔഷധ സോപ്പിന് ആവശ്യക്കാരേറുന്നു. 'മിലി മാരിഗോൾഡ്" എന്ന പേരിലാണ് കണ്ണൂർ പുന്നാടുകാരിയായ ശ്യാമിലി ചെണ്ടുമല്ലി സോപ്പ് നിർമ്മിക്കുന്നത്. കിലോയ്‌ക്ക് 40 രൂപ നിരക്കിൽ ജില്ലയിലെ കർഷകരിൽ നിന്നാണ് ചെണ്ടുമല്ലി സംഭരിക്കുന്നത്. 200 ഗ്രാം പൂവിൽ നിന്ന് 10 സോപ്പ് നിർമ്മിക്കാം. 60 രൂപയാണ് ഒരു സോപ്പിന്റെ വില.
കണ്ണൂരിലെ കുടുംബശ്രീ സി.ഡി.എസുകൾ ഓണം പ്രതീക്ഷിച്ച് നടത്തിയ ചെണ്ടുമല്ലി കൃഷിയിറക്കിയിരുന്നു. എന്നാൽ ഓണം കഴിഞ്ഞാണ് ഇവ പൂവിട്ടത്. പദ്ധതി പരാജയത്തിന്റെ വക്കിലെത്തിയത് കുടുംബശ്രീ ജില്ലാമിഷനെ ആശങ്കയിലാക്കി. ഈ സമയത്താണ് ചെണ്ടുമല്ലി സോപ്പെന്ന ആശയം ശ്യാമിലി പങ്കുവച്ചത്. തുടർന്ന് കുടുംബശ്രീയുടെ ചെണ്ടുമല്ലി വാങ്ങി സോപ്പ് നിർമ്മാണവും തുടങ്ങി.
ഉണക്കിയെടുക്കുന്ന ചെണ്ടുമല്ലി വെളിച്ചെണ്ണയും സോപ്പ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കുമൊപ്പം ചേർത്ത് മിശ്രിതമാക്കും. തുടർന്ന് അച്ചുകളിലൊഴിച്ച് ഉണക്കിയെടുക്കും. ഒരു ദിവസം കഴിഞ്ഞാൽ ഉപയോഗിക്കാം. രണ്ടാഴ്ച മുമ്പാണ് നിർമ്മാണം തുടങ്ങിയത്. ഒരാഴ്ചയ്‌ക്കിടെ 200 ലേറെ സോപ്പ് വിറ്റു.
നിലവിൽ ശ്യാമിലിയുടെ കടയിൽ മാത്രമേ വിൽക്കുന്നുള്ളൂ. വൈകാതെ പൂക്കർഷകരിലേക്കും മറ്റ് കടകളിലേക്കും വില്പനയ്‌ക്കായി സോപ്പെത്തിക്കും. കുടുംബശ്രീ വ്യക്തിഗത സംരംഭമായാണ് ശ്യാമിലി മിലി മാരിഗോൾഡ് തുടങ്ങിയത്. ഭർത്താവ് രാജീവനും മക്കളായ വാമികയും ആത്മികയുമാണ് സഹായികൾ.
താരനും ചർമ്മരോഗങ്ങൾക്കും പ്രതിരോധം
ചെണ്ടുമല്ലി സോപ്പ് താരനും ചർമ്മരോഗങ്ങളും പ്രതിരോധിക്കാനുള്ള ഔഷധമാണെന്നാണ് ശ്യാമിലിയുടെ പക്ഷം. മുറിവുണക്കാനും വേദന സംഹാരിയാകാനുള്ള കഴിവും ചെണ്ടുമല്ലിക്കുണ്ട്. ശരീരത്തിലെ നീര് വലിച്ചെടുക്കുമെന്നും ശ്യാമിലി പറയുന്നു. ശംഖുപുഷ്പം, കറ്റാർവാഴ തുടങ്ങിയവയുടെ സോപ്പുകളും ശ്യാമിലി ഉണ്ടാക്കുന്നുണ്ട്. തോച്ച് കുളിക്കുന്നതിനായി ചെണ്ടുമല്ലിയും വെളിച്ചെണ്ണയും ചേർത്തൊരുക്കുന്ന എണ്ണയും തയ്യാറാക്കുന്നുണ്ട്.
'ചെണ്ടുമല്ലിക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന് കേരളത്തിൽ അറിയില്ല. അതാണ് ഇതിനെപ്പറ്റി കൂടുതൽ പഠിക്കാൻ പ്രേരണയായത്".
- ശ്യാമിലി രാജീവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |