ന്യൂഡൽഹി: ഇന്ത്യൻ ദേശീയ പാതകളിൽ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പിരിക്കുന്ന രീതിയിൽ മാറ്റം വരുത്തി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് യുപിഐയിലൂടെ പണമടച്ചാൽ നിരക്ക് കുറയുമെന്ന മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചാർജ് നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
നാഷണൽ ഹൈവേ ഫീസ് നിയമത്തിൽ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അവർ പണമടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോൾ ഈടാക്കുക. ടോൾ പ്ളാസകളിൽ പണം ഉപയോഗിച്ച് ഫീസ് ഒടുക്കുമ്പോൾ സാധാരണ ടോൾ ഫീസിന്റെ ഇരട്ടിത്തുക തുടർന്നു നൽകേണ്ടതായി വരും. യുപിഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നവർക്ക് സാധാരണ ടോളിന്റെ 1.25 ഇരട്ടി ഫീസ് മാത്രമേ നൽകേണ്ടതായി വരികയുള്ളൂ.
ഡിജിറ്റൽ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുക, പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, ടോൾ പ്ളാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. പുതിയ സംവിധാനം ഡിജിറ്റൽ ഇടപാടുകളുടെ സുധാര്യത വർദ്ധിപ്പിക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |