കൊല്ലം: സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2,184 കുട്ടികൾ. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ളവരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇവരിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉൾപ്പെടും. പദ്ധതി ആരംഭിച്ച 2017 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ നിന്ന് 378 പേരുടെ ശസ്ത്രക്രിയ സൗജന്യമായി പൂർത്തിയാക്കി. മറ്റുള്ളവർ ചികിത്സയിലും ചിലർ ശസ്ത്രക്രിയ്ക്കുള്ള തയ്യാറെടുപ്പിലുമാണ്. ഈ വർഷം ഇതുവരെ 117 കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 16 പേരുടെ ശസ്ത്രക്രിയയും പൂർത്തിയായി. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ ലഭ്യമാകുന്ന പദ്ധതിയാണിത്. സർക്കാർ, സ്വകാര്യ മേഖലയിലെ ഏഴ് ആശുപത്രികളാണ് ഹൃദ്യത്തിൽ എംപാനൽ ചെയ്തിട്ടുള്ളത്. ജില്ലയിൽ പദ്ധതിക്കായി എംപാനൽ ചെയ്ത ആശുപത്രികളില്ല.
ജില്ലയിൽ ഒൻപത് സർക്കാർ പ്രസവ കേന്ദ്രങ്ങളാണുള്ളത്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പൾസ് ഓക്‌സിമെട്രി സ്‌ക്രീനിംഗിന് വിധേയരാക്കും. ശിശുരോഗ വിദഗ്ദ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉൾപ്പടെ നടത്തിയാണ് ജന്മനാലുള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുക. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും സേവനം ലഭിക്കും. രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും. പദ്ധതി വഴി എക്കോ, സി.ടി, കാത്ത് ലാബ് പ്രൊസീജിയർ എം.ആ.ഐ തുടങ്ങിയ അവശ്യ പരിശോധനയും സർജറികൾ അല്ലെങ്കിൽ ഇന്റർവെൻഷനുകൾ തുടങ്ങിയവയും സൗജന്യമാണ്. അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. അവശ്യഘട്ടങ്ങളിൽ എംപാനൽ ചെയ്‌ത ആശുപത്രികളിലേക്ക് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് സേവനവും തുടർ ചികിത്സയും ലഭ്യമാക്കും.
എംപാനൽ ചെയ്ത ആശുപത്രികൾ
ഗവ.മെഡിക്കൽ കോളേജ്, കോട്ടയം
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, കൊച്ചി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി
ലിസി ഹോസ്പിറ്റൽ, കൊച്ചി
എസ്.എ.ടി, തിരുവനന്തപുരം
ആസ്റ്റർ മിംസ്, കോഴിക്കോട്
ബി.സി.എം.സി.എച്ച്, തിരുവല്ല
രജിസ്ട്രേഷൻ
http://hridyam.kerala.gov.in ൽ സ്വന്തം നിലയിലും ഡി.ഇ.ഐ.സിയുടെ സഹായത്തോടെയും രജിസ്റ്റർ ചെയ്യാം
ജില്ലയിൽ വിക്ടോറിയ ആശുപത്രിയിലാണ് ഡി.ഇ.ഐ.സി
ഗർഭസ്ഥ ശിശുവിന് പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഫീറ്റൽ രജിസ്‌ട്രേഷൻ നടത്താം
വർഷം, രജിസ്റ്റർ ചെയ്തത്, ശസ്ത്രക്രിയകൾ
2022- 388, 64
2023-388, 54
2024 -224, 34
2025 -117, 16
പദ്ധതി ആരംഭിച്ചത്
2017ൽ
ദിശ ഫോൺ
1056/0471 2552056
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |