തൃശൂർ: സ്വരാജ് റൗണ്ടിലേക്കുള്ള പ്രധാന വഴികളിൽ കുരുക്ക് സൃഷ്ടിച്ച് റോഡ് നിർമ്മാണം. സെന്റ് തോമസ് കോളേജ് റോഡ്, മാരാർ റോഡ്,കെ.എസ്.ആർ.ടി.സി റിംഗ് റോഡ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സെന്റ് തോമസ് കോളേജ് റോഡിൽ ആമ്പക്കാടൻ ജംഗ്ഷനിലും തൊട്ടുമുന്നിലുള്ള ബെന്നറ്റ് റോഡിലും ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി ആഴത്തിലുള്ള കുഴികളാണ് നിർമ്മിച്ചിട്ടുള്ളത്.ഇവിടെ ആഴ്ച്ചകളായി നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.
ഇതുമൂലം ഈ പ്രദേശത്ത് രാവിലെയും വൈകിട്ടും വൻകുരുക്കാണ്. ശക്തൻ, വടക്കെ സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും സ്വരാജ് റൗണ്ടിലേക്കും മെഡിക്കൽ കോളേജിലേക്കും മറ്റും പോകുന്ന വാഹനങ്ങളും ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരാണ് കുരുക്കിൽ പെടുന്നത്.
പണിതീരാതെ മാരാർ റോഡ്
കുറുപ്പം റോഡ് നിർമ്മാണ സമയത്ത് കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിലെ വാഹനങ്ങൾ കടന്നുപോയ മാരാർ റോഡിലും നിർമ്മാണം എങ്ങുമെത്തിയില്ല. മുൻപ് വൃന്ദാവൻ ഹോട്ടലിന് മുൻപിൽ നിർമ്മാണത്തിനായി ഇതുവഴിയിലുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എന്നാൽ മാരാർ റോഡിനും കുറുപ്പം റോഡിനും ഇടയിലുള്ള റോഡ് നിർമ്മാണത്തിനാണ് ഇപ്പോൾ നിയന്ത്രണം.
പൊട്ടിപ്പൊളിഞ്ഞ് കെ.എസ്.ആർ.ടി.സി റിംഗ് റോഡ്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് തന്നെ. സ്റ്റാൻഡിലെ പെട്രോൾ ബാങ്കിന് മുൻപിലെ റോഡാണ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നത്. കുഴികൾ മാത്രം നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്ര അതീവദുഷ്‌കരമാണ്. ഗുരുവായൂർ, കാഞ്ഞാണി, കോഴിക്കോട്, കുന്നംകുളം ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. 200 മീറ്റർ നീളം മാത്രമുള്ള റോഡ് ഗതാഗത യോഗ്യമാക്കിയാൽ യാത്ര സുഗമമാകുമെന്ന് ഡ്രൈവർമാർ പറയുന്നു.
വഴിമുടക്കി ദീർഘദൂര ബസുകൾ
കെ.എസ്.ആർ.ടി.സി റിംഗ് റോഡിൽ നിന്നും കൊക്കാലെയിലേക്കുള്ള മസ്ജിദ് റോഡിന് മുൻപിൽ ദീർഘദൂര ബസുകൾ നിറുത്തുന്നതിനാൽ രാത്രിയിൽ ഗതാഗത തടസം രൂക്ഷമാകുന്നതായി പരാതി. ഓട്ടോറിക്ഷാ ഡ്രൈവർമാരും റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊക്കാലെ ഗേറ്റ് വഴി വരുന്നവരുമാണ് തടസം നേരിടുന്നത്. ബംഗളൂരു, മംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സ്വകാര്യ ബസുകൾ ജംഗ്ഷനിൽ കൂടുതൽ നേരം നിറുത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതാണ് തടസം സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |