കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പാലത്തിന് സമീപത്തെ അനധികൃത മണൽവാരലിന് സ്റ്റോപ്പ് മെമ്മോ. ദേശീയപാത നിർമ്മാണ കമ്പനി കരാറുകാരനായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
പുല്ലൂറ്റ് പാലത്തിന്റെ തെക്ക് ഭാഗത്തു നിന്നും മണ്ണെടുക്കാൻ ഇറിഗേഷൻ വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് പാലത്തിന് വടക്കുഭാഗത്തുനിന്നും മണൽ വാരൽ നടത്തിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചേറ്റുവ, കോട്ടപ്പുറം പുഴകളിൽ നിന്ന് 3.9 ലക്ഷം ക്യൂബിക് മീറ്റർ മണ്ണെടുക്കാൻ സംസ്ഥാന ജല വിഭവ വകുപ്പിന്റെ അനുമതിയുണ്ട്.
ഇതുപ്രകാരം തളിക്കുളം മുതൽ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരം വരെ കരാറെടുത്തിട്ടുള്ള ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയും ടി.കെ.എസ് പുരം മുതൽ ഇടപ്പിള്ളി വരെ കരാറെടുത്ത ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയറിംഗ് കമ്പനിയും പെരിയാറിൽ നിന്നും കനോലി കനാലിൽ നിന്നും മണൽ കൊണ്ടുപോകുന്നുണ്ട്. പുല്ലൂറ്റ് മുതൽ പൂവ്വത്തുംകടവ് വരെയുള്ള പുഴയിലും മണലെടുപ്പിന് അനുമതിയുണ്ട്. പുല്ലൂറ്റ് പാലത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പുഴയിൽ നിന്നും മണൽ വാരുന്നത് അടിയന്തരമായി നിറുത്തണമെന്ന് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയും ആവശ്യപ്പെട്ടു.
കർശന നടപടി
പുല്ലൂറ്റ് പാലത്തിന് സമീപം അനധികൃതമായി മണൽവാരുന്ന കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വി.ആർ. സുനിൽകുമാർ എം.എൽ.എ ഇന്നലെ സ്ഥലം സന്ദർശിച്ചു. വിലക്കുകൾ ലംഘിച്ച് മണൽ ഊറ്റിയെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു. നഗരസഭ മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, ഡെപ്യൂട്ടി തഹസിൽദാർ ശ്യാമള, പി.ബി. ഖയ്‌സ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |