തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവും. ശബരിമല സ്വർണ്ണത്തട്ടിപ്പ് അടിയന്തര പ്രമേയമാക്കാനാണ് പ്രതിപക്ഷ തീരുമാനം. തിരുവഞ്ചൂർ രാധാകൃഷ്ണനോ പി.സി വിഷ്ണുനാഥോ ഇതു സംബന്ധിച്ച് ഉപക്ഷേപം നൽകിയേക്കും.സഭ നിറുത്തി വച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാലും ഇല്ലെങ്കിലും സഭാന്തരീക്ഷം ബഹളമയമാവുമെന്നുറപ്പ്.
ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രതിനിധി വധഭീഷണി മുഴക്കിയ വിഷയത്തിൽ ഒഴികെ മറ്റെല്ലാ അടിയന്തര പ്രമേയവും ചർച്ച ചെയ്യാൻ സർക്കാർ സമ്മതിക്കുകയായിരുന്നു. അനുവദിച്ച ചർച്ചകളിലൊന്നും പ്രതിപക്ഷത്തിന് വേണ്ട പോലെ സർക്കാരിനെ ആക്രമിക്കാനും കഴിഞ്ഞില്ല. .
എന്നാലിന്ന്, ആക്രമണത്തിന് പ്രതിപക്ഷത്തിന് വേണ്ടുവോളം ആയുധമുണ്ട്. സ്വർണ്ണപ്പാളി വിഷയത്തിൽ ഭരണപക്ഷം പ്രതിരോധത്തിലുമാണ്. പുറത്തു വന്നിട്ടുള്ള വിവരങ്ങളെല്ലാം സർക്കാരിനെയും ദേവസ്വം ബോർഡിനെയും ഉത്തരം മുട്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ അനുമതി നിഷേധിച്ചാൽ സഭാനടപടികൾ പ്രതിപക്ഷം തടസപ്പെടുത്തുമെന്നുറപ്പ്. ഉപക്ഷേപം ചർച്ചയ്ക്കെടുത്താൽ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും പ്രത്യാക്രമണത്തിനും സർക്കാർ വിയർപ്പൊഴുക്കേണ്ടി വരും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെല്ലാം ഇടത് ഭരണ കാലത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |