ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിച്ചത് നെഹ്റുവിന്റെ വ്യക്തിപരമായ താത്പര്യമാണ്. ഇത് ഹിമാലയൻ മണ്ടത്തരമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഒരുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ .
630 നാട്ടുരാജ്യങ്ങളെ ഒന്നിപ്പാക്കാൻ സർദാർ വല്ലഭായ് പട്ടേലിന് സാധിച്ചു. ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ജോലി മാത്രമാണ് നെഹ്‌റുവിന് ഉണ്ടായിരുന്നത്. എന്നാൽ 2019 ആഗസ്റ്റിൽ മാത്രമാണ് അത് സംഭവിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370നെക്കുറിച്ചും കാശ്മീരിനെക്കുറിച്ചും ഇപ്പോൾ പോലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതിനെക്കുറിച്ച് വിശദമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്തത്. 1947 മുതൽ കാശ്മീര്‍ പ്രശ്‌നമാണെന്ന് എല്ലാവർക്കും അറിയാം. തെറ്റ് ചെയ്തവരാണ് ചരിത്രത്തെ വളച്ചൊടിച്ചത്. ജനത്തിന് മുന്നിൽ യഥാർത്ഥ ചരിത്രം അവതരിപ്പിക്കാനും എഴുതാനും സമയമായെന്നും അമിത് ഷാ വ്യക്തമാക്കി.
ഷെയ്ക്ക് അബ്ദുള്ളയെ 11 വർഷമാണ് കോൺഗ്രസ് സർക്കാര്‍ ജയിലിൽ പാർപ്പിച്ചത്. വെറും രണ്ട് മാസമായപ്പോൾ അവർ ഞങ്ങളെ ചോദ്യം ചെയ്യുകയാണ്. 41,000 പേരാണ് കാശ്മീരിൽ ഇതുവരെ കൊല്ലപ്പെട്ടത്. ഇതാലോചിക്കുമ്പോൾ ടെലിഫോൺ ബന്ധം വിച്ഛേദിച്ചത് മനുഷ്യാവകാശ ലംഘനമല്ല. കാശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് യു.എന്നിന്റെയും അന്താരാഷ്ട്ര രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |