കോട്ടയം : ക്രിസ്‌മസിന് രണ്ട് മാസം ശേഷിക്കുമ്പോൾ കുമരകത്തും, തിരുവാർപ്പിലും ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷവും ഈ സമയത്ത് ജില്ലയിൽ പന്നിപ്പനി പടർന്നിരുന്നു. പടിഞ്ഞാറൻമേഖലയിൽ പന്നിവളർത്തലിന് നിരോധനമേർപ്പെടുത്തിയത് ഹോട്ടലുകളേയും ഷാപ്പുകളേയും ബാധിക്കും. കുമരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.
പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയാണ്. ഈ സാഹചര്യത്തിൽ രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും നിറുത്തിവയ്‌ക്കണം. ഇവിടെ നിന്ന് പന്നിമാംസം , പന്നികൾ, തീറ്റ എന്നിവ കൊണ്ടുപോകുന്നതും നിരോധനമുണ്ട്. കുമരകം പഞ്ചായത്ത് മൂന്നാം വാർഡ്, തിരുവാർപ്പ് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങൾ. കുമരകം, ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, നീണ്ടൂർ പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖലയിൽ.
ടൂറിസത്തിനും തിരിച്ചടി
ക്രിസ്മസ് മുന്നിൽക്കണ്ട് പന്നികളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇരുട്ടടിയായി രോഗം. പന്നികളെ കൊല്ലേണ്ടി വരുന്നതും നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടാത്തതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് നയിക്കും. മറ്റ് മേഖലകളിലേയ്ക്കും രോഗം പടരുമോയെന്ന ആശങ്കയുമുണ്ട്. കുമരകത്തെ ഷാപ്പുകളിലേയും ഹോട്ടലുകളിലേയും പ്രധാനം പന്നി വിഭവങ്ങളാണ്. ഇവ കഴിക്കാൻ മാത്രം എത്തുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിൽ ടൂറിസത്തെയും ബാധിക്കുമെന്ന ആശങ്ക ഉടലെടുക്കുന്നു.
ഈ വർഷം ആദ്യം
ഈ വർഷം ആദ്യമാണ് പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. മുൻകാലങ്ങളിൽ രോഗം പതിവായതോടെ കർഷർ പിൻവാങ്ങിയത് മേഖലയിലേയ്ക്ക് മോശം പന്നി ഇറച്ചി എത്താൻ കാരണമായി. തമിഴ്നാട്ടിൽ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമാണ്. വൻകിട ഫാമുകൾ ഇറച്ചി കയറ്റി അയയ്ക്കുകയാണ്.
മനുഷ്യരിലേക്ക് പടരില്ല
ആഫ്രിക്കൻ പന്നിപ്പനി എച്ച് 1 എൻ 1 പന്നിപ്പനിയിൽ നിന്ന് വ്യത്യസ്തമാണ്
മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പടരാൻ ഇടയാക്കില്ല
വാക്‌സിനോ മറ്റു പ്രതിരോധ മരുന്നോ ഇതിനില്ല
രോഗം ബാധിച്ചയിടങ്ങളിൽ പന്നികൾ കൂട്ടത്തോടെ ചാകും
''ക്രിസ്മസ് സീസണിൽ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. മുൻവർഷങ്ങളിലും സമാന അനുഭവമുണ്ടായിട്ടുണ്ട്. മോശം പന്നികളെ എത്തിക്കുന്ന ലോബികളുടെ ഇടപെടൽ ഇതിന് പിന്നിലുണ്ടോയെന്ന സംശയിക്കേണ്ടിയിരിക്കുന്നു.
-ജോസഫ്, പന്നി കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |