ചെന്നൈ: ബംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിലെ വണ്ടല്ലൂരിലെ മൃഗശാലയിലേക്ക് കൊണ്ടുവന്ന സിംഹത്തെ കാണാനില്ല. അഞ്ച് വയസുളള ഷേർയാറെന്ന ആൺ സിംഹത്തെ വ്യാഴാഴ്ചയാണ് ആദ്യമായി സഫാരി മേഖലയിലേക്ക് തുറന്നുവിട്ടത്. തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മൃഗശാലയിലുളളവർ അധികൃതരെ വിവരമറിയിച്ചത്. ശനിയാഴ്ച വൈകുന്നേരംവരെ സിംഹം കൂട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തമിഴ് നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹമാണിത്.
പ്രദേശത്ത് സിംഹത്തിനായുളള തെരച്ചിൽ പുരോഗമിക്കുകയാണ്. ദേശീയ മൃഗ വിനിമയ പരിപാടിയുടെ കീഴിൽ 2023ൽ കർണാടകയിലെ ബാനർഗട്ട ബയോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹത്തെ വണ്ടല്ലൂരിലേക്കെത്തിച്ചത്. ലയൺ സഫാരി മേഖലയിൽ നിലവിൽ ആറ് സിംഹങ്ങളാണുളളത്. ഇവയിൽ രണ്ടെണ്ണത്തിനെ മാത്രമേ സന്ദർശകർക്ക് കാണാൻ അനുവാദമുള്ളൂ. ബാക്കിയുളളവയെ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. സഫാരി മേഖലയിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് പറഞ്ഞു. സഫാരി മേഖലയ്ക്കുചുറ്റും ഉയരത്തിലുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ വണ്ടല്ലൂരിലാണ് അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. 1500 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാർക്ക് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതാണ്. ഈ പാർക്കിൽ 2400 മൃഗങ്ങളും പക്ഷികളുമുണ്ട്. കടുവകൾ, സിംഹങ്ങൾ, കരടികൾ, ആനകൾ, ജിറാഫുകൾ, മാൻ, എരുമകൾ, നിരവധി ഇനം പക്ഷികൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് വണ്ടല്ലൂർ മൃഗശാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |