മോസ്‌കോ: ജെഎഫ്-17 ൽ സംയോജിപ്പിക്കുന്നതിനായി പാകിസ്ഥാന് ആർഡി-93 എഞ്ചിനുകൾ വിൽക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റഷ്യൻ പ്രതിരോധ വിദഗ്ധർ. പാകിസ്ഥാന് റഷ്യ സൈനിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ വിമർശനം ന്യായീകരിക്കാനാവില്ലെന്നും റഷ്യൻ പ്രതിരോധ വിദഗ്ദർ വ്യക്തമാക്കുന്നു.
'ഇവിടെയുള്ള വിമർശനം ന്യായമാണെന്ന് ഞാൻ കരുതുന്നില്ല. ജെഎഫ്-17 ന് റഷ്യ എഞ്ചിനുകൾ നൽകുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അത് യഥാർത്ഥത്തിൽ ഇന്ത്യയ്ക്ക് രണ്ട് തരത്തിൽ ഗുണം ചെയ്യും'- മോസ്‌കോ ആസ്ഥാനമായുള്ള പ്രിമകോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യ വിഭാഗത്തിന്റെ തലവനായ പ്യോട്ടർ ടോപ്ച്കനോവ് പിടിഐയോട് പറഞ്ഞു.
'ഒന്നാമതായി, ചൈനയ്ക്കും പാകിസ്ഥാനും ഇതുവരെ റഷ്യൻ നിർമ്മിത എഞ്ചിൻ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. രണ്ടാമതായി, പുതിയ വിമാനങ്ങൾ എഞ്ചിൻ പങ്കിടുന്നതിനാലും 2025 മെയ് മാസത്തെ ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ജെഎഫ്-17ന്റെ പ്രവർത്തന ഉപയോഗം നിരീക്ഷിച്ചതിനാലും ഇന്ത്യയ്ക്ക് പരിചിതവും പ്രവചിക്കാനാവുന്നതുമായിരിക്കും'- പ്യോട്ടർ ടോപ്ച്കനോവ് കൂട്ടിച്ചേർത്തു.
ഒരു താൽക്കാലിക നടപടിയായി ചൈന തങ്ങളുടെ എഫ്സി-17 ജെറ്റിന് ആർഡി-93 എഞ്ചിനുകൾ നൽകാൻ റഷ്യയോട് അഭ്യർത്ഥിച്ചിരുന്നുവെന്നും, അത് പാകിസ്ഥാന് കൈമാറാനുള്ള സാദ്ധ്യത പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയിയുടെയും ഡോ. മൻമോഹൻ സിംഗിന്റെയും കാലത്തെ എൻഡിഎ, യുപിഎ സർക്കാരുകൾ ഉയർത്തിക്കാട്ടിയിരുന്നതായും ടോപ്ച്കനോവ് ഓർമ്മിപ്പിച്ചു.
അതേസമയം, ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ സഖ്യകക്ഷിയായിരുന്ന റഷ്യ, ചൈനീസ് നിർമ്മിത ജെഎഫ്-17 യുദ്ധവിമാനങ്ങളുടെ എഞ്ചിനുകൾ നൽകി പാകിസ്ഥാന് സൈനിക പിന്തുണ നൽകുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്യോട്ടർ ടോപ്ച്കനോവ് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |