ന്യൂഡൽഹി: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ.എം.എ). ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ എന്തു പിഴച്ചുവെന്ന് ഐ.എം.എ പ്രതികരിച്ചു. ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടിയെന്നും ഐ.എം.എ ആരോപിച്ചു. മരുന്നിൽ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയും. വില കുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡി.ഇ.ജി അടങ്ങിയ കഫ് സിറപ്പുകൾ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്. പൊതു ജനങ്ങളിൽ ആത്മവിശ്വാസം നൽകുന്നതിന് പകരം പ്രശ്നങ്ങളുണ്ടാക്കുന്നു . ആരോഗ്യ പ്രവർത്തകർക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐ.എം.എ വ്യക്തമാക്കി.
കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദ്ദേശിച്ച ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടറാണ് പ്രവീൺ സോണി, ഡോക്ടർ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉത്പാദിപ്പിച്ചത്. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോൾഡ്രിഫിന്റെ വിൽപന സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. മരുന്നിൽ വളരെ വിഷാംശമുള്ള പദാർത്ഥമായ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ പരിശോധിച്ച സിറപ്പ് ഗുണനിലവാരമില്ലാത്തത് എന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതൽ നടപടിയായി, കോൾഡ്രിഫിന്റെയും മറ്റൊരു കഫ് സിറപ്പായ 'നെക്സ്ട്രോ-ഡിഎസ്'ന്റെയും വിൽപന അധികൃതർ നിരോധിച്ചു.
രാജ്യത്താകെ കോൾഡ്രിഫ് സിറപ്പ് കഴിച്ച 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലും സിറപ്പ് നിരോധിച്ചിട്ടുണ്ട്. 'കോൾഡ്രിഫ്' കേരളത്തിലും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |