കൊച്ചി: ഇടുക്കി, എറണാകുളം ജില്ലാ അതിർത്തി വനമേഖലയിലെ ആദിവാസികളുടെ ജീവിതദുരിതത്തിന് അറുതിയില്ല. ആശുപത്രിയിലെത്തണമെങ്കിൽ ആദ്യം രോഗിയെയും ചുമന്ന് 8 കിലോമീറ്റർ നടക്കണം. ശേഷം 70 കിലോമീറ്റർ വാഹനത്തിലും യാത്ര ചെയ്യണം.
സംസ്ഥാനത്തെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഇടുക്കിയിലെ അടിമാലി, കുറത്തികുടി, മാങ്കുളം മേഖലകളിലെ 63 ആദിവാസി ഉന്നതികളുടെ യാത്രാദുരിതമാണ് പരിഹാരമില്ലാതെ തുടരുന്നത്. കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേട് കുഞ്ചിയാർ. കൂന്ത്രപുഴ, കുറത്തികുടി, പെരുമ്പൻകുത്ത് വഴിയുള്ള 69 കിലോമീറ്റർ റോഡ് നവീകരിക്കലാണ് ഈ ദുരിതത്തിന് ഏകപരിഹാരം.
ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളുടെ സമഗ്രവികസനം ലക്ഷ്യം വച്ച് ഗോത്രവർഗ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ട് 15വർഷം കഴിഞ്ഞു. വന്യജീവികളുടെ വിഹാരഭൂമിയിലെ ഒറ്റയടിപ്പാതയും കാട്ടരുവികൾക്ക് കുറുകെ ഈറ്റകൊണ്ടും കാട്ടുകമ്പുകൾകൊണ്ടും നിർമ്മിച്ച താത്കാലിക പാലങ്ങളുമാണ് ഇന്നും ആദിവാസികളുടെ യാത്രാമാർഗങ്ങൾ.
ഇടമലക്കുടിയിലേക്ക് മൂന്നാറിൽ നിന്ന് ഇരവികുളം നാഷണൽ പാർക്ക് - പെട്ടിമുടി വഴി 40കിലോമീറ്ററാണ് ദൂരം. അതിൽ തന്നെ 4.5 കിലോമീറ്റർ മഴക്കാലത്ത് തകർന്നുകിടക്കുന്നതിനാൽ തീരെ ഗതാഗതയോഗ്യമല്ല. ചരക്ക് എത്തിക്കാനാകാത്തതിനാൽ കഴിഞ്ഞ മഴക്കാലത്ത് ആഴ്ചകളോളം റേഷൻ വിതരണം മുടങ്ങി.
മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളത്ത് നിന്ന് മീൻകുത്തി - കൂടല്ലാർ വഴിയുള്ള നടപ്പാത റോഡായി നിർമ്മിച്ചാൽ 8 കിലോമീറ്റർ യാത്ര ചെയ്ത് ഇടമലക്കുടിയിൽ എത്താം. വനംവകുപ്പിന്റെ എതിർപ്പുകാരണമാണ് ആദിവാസികളുടെ ആവശ്യം പരിഗണിക്കപ്പെടാതെ പോകുന്നത്. കോതമംഗലം - പെരുമ്പൻകുത്ത് - ആനക്കുളം റോഡ് നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ശേഷിക്കുന്ന 8കിലോമീറ്റർ വനാവകാശ നിയമ പ്രകാരം നിർമ്മിക്കാവുന്നതാണെന്നും ഓൾഡ് ആലുവ മൂന്നാർ രാജപാത ആക്ഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വനത്തിലെ നടപ്പാതയിലൂടെ ഒറ്റയ്ക്ക് എങ്ങനെയെങ്കിലുമൊക്കെ നടക്കാം, എന്നാൽ രോഗികളെ മഞ്ചലിൽ ചുമന്ന് കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രികളിൽ എത്തിക്കുന്നത് ഏറെ പ്രയാസമാണ്. വനംവകുപ്പ് കടുംപിടുത്തം അവസാനിപ്പിക്കണം.
ഷാജി പയ്യാനിക്കൽ,
പ്രസിഡന്റ്,
ആലുവ- മൂന്നാർ
രാജപാത ആക്ഷൻ കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |