ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി രാജ്യം മുഴുവൻ പ്രദർശിപ്പിക്കാൻ അധികാരം നൽകിയതാരാണെന്നും, കൊണ്ടു നടന്നവർ ജയിലിൽ പോകേണ്ടവരാണെന്നും മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ. കേരളകൗമുദിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിവാദത്തെക്കുറിച്ച് ?
വീടുവീടാന്തരം സ്വർണപ്പാളി കൊണ്ടുനടന്നവർക്ക് മാപ്പ് കൊടുക്കരുത്. അവർ ജയിലിൽ പോകണം. ഭക്തർ ശാരീരിക മാനസിക നിഷ്ഠ അനുഷ്ഠിച്ചാണ് ഒരു നിമിഷത്തെ ദർശനത്തിനായി ശബരിമലയിലെത്തുന്നത്. ഭക്തരുടെ സങ്കൽപ്പത്തിന് നേർക്കാണ് തട്ടിപ്പുകാർ കാർക്കിച്ചുതുപ്പുന്നത്. സ്വത്ത് നോക്കാൻ ചുമതലപ്പെടുത്തിയവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.
തട്ടിപ്പ് കുറെക്കാലമായി നടക്കുന്നുണ്ടാകില്ലേ?
കഴിഞ്ഞ പത്ത് പതിന്നാല് വർഷങ്ങളായി തട്ടിപ്പ് നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. പിഴവ് കാണിച്ചാൽ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കുന്ന അന്തരീക്ഷമുണ്ടാകണം. പക്ഷേ ദേവസ്വം ബോർഡിന്റേത് ഭസ്മാസുരന് വരം കൊടുത്തത് പോലുള്ള സ്ഥിതിയാണ്. തിരിഞ്ഞുകൊത്തും. പ്രസ്ഥാനമാണ് സ്ഥാനം നൽകുന്നതെന്ന ബോദ്ധ്യം ദേവസ്വം പ്രസിഡന്റിന് വേണം. ഉത്തരവാദിത്വപ്പെട്ടവർ ആത്മപരിശോധന നടത്തണം. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ളവർക്ക് കടന്നുകയറാനുള്ള അന്തരീക്ഷമാണുള്ളത്. ഇതിന് പിന്നിൽ നിഗൂഢ ശക്തികളുണ്ട്.
താങ്കൾ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നല്ലോ?
മൂന്നര വർഷം ഞാൻ ദേവസ്വം മന്ത്രിയായിരുന്നു. അക്കാലത്ത് യാതൊരു കള്ളത്തരത്തിനും ആർക്കും സാധിച്ചിട്ടില്ല. സുപ്രീം കോടതി ജസ്റ്റിസായിരുന്ന പരിപൂർണസ്വാമി, വി.ആർ. കൃഷ്ണയ്യർ, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ ബോർഡിൽ ഭേദഗതി വരുത്താൻ പിന്തുണച്ചു. അക്കാലത്താണ് ബോർഡിൽ സ്ത്രീ സംവരണവും പട്ടികജാതി സംവരണവും കൊണ്ടുവന്നത്. അന്ന് 'രണ്ടാം ക്ഷേത്ര പ്രവേശന വിളംബരം" എന്ന തലക്കെട്ടിൽ കേരളകൗമുദി എഡിറ്റോറിയലും പ്രസിദ്ധീകരിച്ചു. പിൽക്കാലത്ത് സ്ത്രീ സംവരണം എടുത്തു കളഞ്ഞു. സാധാരണ സ്ഥാപനങ്ങളെ അപേക്ഷിച്ച്, ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇരട്ട ജാഗ്രത പുലർത്തണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ മാനുവൽ പഴകിയതാണെന്ന് ദേവസ്വം പ്രസിഡന്റ് പറയുന്നത് ശരിയാണോ? അത് സ്വയം തിരുത്താനോ, തിരുത്തിക്കാനോ ഇടപെടലുകളുണ്ടാകുന്നില്ല. പാർട്ടിയിൽ സ്ഥാനങ്ങളൊന്നും അലങ്കരിക്കാതായിട്ട് അഞ്ച് വർഷം പിന്നിട്ടു. ഇതിനിടെ പല പാർട്ടികളും ക്ഷണിച്ചു. പാർട്ടി മെമ്പറായിരിക്കുന്നതാണ് ജീവിതത്തിലെ വലിയ ഭാഗ്യം എന്ന സ്റ്റാലിന്റെ വാക്കുകളാണ് ഞാൻ വിശ്വസിക്കുന്നത്.
മുനവച്ച വാക്കുമായി ജി.സുധാകരൻ:
സ്വർണപ്പാളി മോഷണത്തിലും
ഒന്നാമതെന്ന് എങ്ങനെ പറയും
ആലപ്പുഴ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ മുനവച്ച പരാമർശവുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ.നമ്മൾ എല്ലാത്തിലും നമ്പർ വണ്ണാണെന്ന് മത്സരിച്ച് പറയുകയാണ്. വർഗീയ കലാപമില്ലാത്തതിലും വിദ്യാഭ്യാസത്തിലും നമ്മൾ നമ്പർ വണ്ണായിരിക്കും. സ്വർണപ്പാളി മോഷ്ടിച്ചതിലും നമ്പർ വണ്ണാണെന്ന് പറയാൻ പറ്റുമോ?. മറ്റ് സംസ്ഥാനങ്ങൾക്കും പല ഗുണങ്ങളുമുണ്ട്. എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി പറയുമ്പോഴാണ് നമ്മൾ സംസ്കാര സമ്പന്നരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സംസ്കാര സാഹിതിയുടെ തെക്കൻ മേഖലാ ക്യാമ്പിൽ 'സംസ്ക്കാരവും രാഷ്ട്രീയവും ഇന്ന്, നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴായിരുന്നു ജി.സുധാകരൻ.
കോൺഗ്രസ് വേദിയായാലും അഭിപ്രായം പറയുന്നതിന് തടസമില്ല. കോൺഗ്രസ് പരിപാടിയിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്താൽ കോൺഗ്രസാകുമോ? 63 വർഷമായി ഞാൻ ഒരുപാർട്ടിയിലും പോയിട്ടില്ല. രാഹുൽ ഗാന്ധിയോടൊപ്പം പരിപാടിയിൽ സംബന്ധിക്കാൻ എം.എ ബേബി പോയതൊന്നും തന്നെ വിമർശിക്കുന്ന ഊളകൾ കണ്ടിട്ടില്ലേയെന്നും ജി.സുധാകരൻ തുറന്നടിച്ചു.
ഗവർണർ പദവിയൊക്കെ വാഗ്ദാനം ചെയ്ത് ബി.ജെ.പിക്കാർ വീട്ടിൽ വന്നുവിളിച്ചിട്ടുണ്ട്. ഗവർണറാക്കി എവിടെങ്കിലും മാറ്റിയിരുത്താമെന്ന് കരുതിയാകും. നിങ്ങൾക്ക് ബി.ജെ.പിയിൽ പോയ്ക്കൂടേയെന്ന് ചോദിക്കുന്നവരുണ്ട്.ഏത് പാർട്ടിയായാലും ബാദ്ധ്യതയാകരുത്. കോൺഗ്രസുകാർക്കും ഇത് ബാധകമാണ്.
ജനപിന്തുണയിൽ കോൺഗ്രസും കമ്യൂണിസ്റ്റുമെല്ലാം താഴേക്ക് പോയി. ബി.ജെ.പിക്ക് വോട്ടുചെയ്യുന്നവരെല്ലാം വർഗീയവാദികളാണെന്ന് കരുതരുത്. സാധാരണക്കാരും പാവങ്ങളുമായ ധാരാളം പേരും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നുണ്ട്.
ജി.സുധാകരൻ തുറന്നുപറയുമെന്നാണ് കുറ്റപ്പെടുത്തൽ. തുറന്നല്ലാതെ അടക്കി പറയാനാകില്ല. ജനങ്ങളോട് തുറന്നുപറയുന്നവനാണ് കമ്യൂണിസ്റ്റെന്നും ജി. സുധാകരൻ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ, ആലപ്പി അഷ്റഫ്, രാജീവ് ആലുങ്കൽ, വയലാർ ശരത് ചന്ദ്ര വർമ്മ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |