തൃശൂർ: 750 ഞായറാഴ്ച. 473 നാടകങ്ങൾ. ആയിരക്കണക്കിന് നടീനടന്മാർ. അരങ്ങിലേറാൻ കൊതിക്കുന്നവരുടെയെല്ലാം ആശാകേന്ദ്രം. അതാണ് തൃശൂരിലെ രംഗചേതന. സംഗീത നാടക അക്കാഡമിയുടെ തിയേറ്റർ സൗകര്യം വാടക നൽകി ഉപയോഗിച്ചാണ് പരിശീലനവും രംഗാവതരണവും നടത്തുന്നത്. 2011 മുതലാണ് ഒരു ഞായറാഴ്ചയും മുടങ്ങാതെ രംഗചേതന അരങ്ങിലെത്താൻ തുടങ്ങിയത്.
കൂലിപ്പണിക്കാരും ഓട്ടോക്കാരും കുട്ടികളും ഭിന്നശേഷിക്കാരും ഡോക്ടർമാരും എൻജിനിയർമാരും വരെ രംഗചേതനയിലെ നടീനടന്മാരാണ്. അവരാണ് നാടകാവതരണത്തിന്റെ 750 ഞായറാഴ്ചകളെ ധന്യമാക്കിയത്.
'അരങ്ങ് എല്ലാവരുടെയും അവകാശം..! വരൂ, നടീനടന്മാരാക്കാം..." എന്ന ആശയത്തോടെ 1980ൽ നാടകാചാര്യൻ ജി.ശങ്കരപിള്ളയാണ് തുടക്കമിട്ടത്. അരനൂറ്റാണ്ടിനോട് അടുക്കുന്നു ആ നാടകയാത്ര. സ്ഥിരം കളരിയെന്ന ആശയവുമായി 2000 ഒക്ടോബർ 29ന് സൺഡേ തിയേറ്റർ തുടങ്ങി. അന്നുമുതൽ ഇന്നോളം ഒരിക്കൽപോലും മുടക്കം വന്നിട്ടില്ല. 12ന് 'ഈഡിപ്പസ് ഓൺ റിഹേഴ്‌സൽ" എന്ന നാടകം അരങ്ങിലെത്തുന്നതോടെ 752ാം ആഴ്ച പിന്നിടും. വയലാ വാസുദേവൻ പിള്ളയാണ് സൺഡേ തിയേറ്ററിന്റെ ശില്പി. നാടക വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാകുംവിധം പരിചയപ്പെടുത്തുക'യാണ് ഞായറാഴ്ചക്കളരിയുടെ ലക്ഷ്യം. ഓരോ വർഷവും നാൽപതോളം അംഗങ്ങളുള്ള ഒരു ബാച്ചിന് രംഗചേതന പരിശീലനം നൽകും. 2011 മേയ് 22 മുതലാണ് പ്രതിവാര നാടകാവതരണം തുടങ്ങിയത്. സൺഡേ സ്‌കൂളിന്റെ 25ാം വാർഷിക വർഷം കൂടിയാണ് 2025.
വർഗീസ് മാഷും കെ.വി.ഗണേഷും
വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച് നാടകവേദികളിൽ കാണുന്ന ഇ.ടി.വർഗീസ് മാഷാണ് 46 വർഷമായി രംഗചേതനയെ നയിക്കുന്നത്. പ്രഥമ സെക്രട്ടറി, ആദ്യകാല നടൻ, സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹമാണ് പ്രസിഡന്റ്. യുണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു രാജി വച്ചാണ് നാടകപ്രവർത്തകനായത്. ട്യൂഷൻ സെന്റർ നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു സംഘാടനം. ആർട്ടിസ്റ്റിക് ഡയറക്ടറായ കെ.വി.ഗണേഷാണ് രംഗചേതനയുടെ മറ്റൊരു മുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |