കൊച്ചി: റെയ്‌ഡിൽ പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്‌കവറി വാഹനം വിട്ടു കിട്ടാൻ നടൻ ദുൽഖർ സൽമാന് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയായ കൊച്ചി കസ്റ്റംസ് അഡിഷണൽ കമ്മിഷണർക്ക് അപേക്ഷ നൽകാമെന്ന് ഹൈക്കോടതി. അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്‌ക്കകം ഉചിതമായ തീരുമാനമെടുക്കണം. മോട്ടോർ വാഹന വകുപ്പ് അനുവദിച്ച രേഖകളുമായി വാഹനം രാജ്യത്ത് 20 വർഷത്തിലധികമായി ഓടുന്നതാണെന്ന കാര്യം കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. കസ്റ്റംസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ വ്യക്തമാക്കി.
കസ്റ്റംസ് ആക്ടിലെ 110എ വകുപ്പു പ്രകാരമാണ് ദുൽഖർ അപേക്ഷിക്കേണ്ടത്. അന്വേഷണ കാലയളവിൽ വാഹനം ബോണ്ടോ ബാങ്ക് ഗാരണ്ടിയോ നൽകി ഏറ്റുവാങ്ങാൻ ഉടമയ്‌ക്ക് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. അപേക്ഷ നിരസിക്കുകയാണെങ്കിൽ കാരണം വ്യക്തമാക്കി കസ്റ്റംസ് ഉത്തരവിറക്കണം. ഏതു തീരുമാനവും കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും..
ഹർജിക്കാരന്റെ വാഹനം ആദ്യം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് കസ്റ്റംസ് റിപ്പോർട്ട് നൽകി. ഇത്തരമൊരു വാഹനം വർഷങ്ങളായി നിരത്തുകളിൽ ഓടുന്നുണ്ടെങ്കിൽ ആരുടെ വീഴ്ചയാണെന്ന് കോടതി ചോദിച്ചു. രേഖകൾ പല ഓഫീസുകളിലൂടെയും കടന്നു പോയതല്ലേയെന്നും ആരാഞ്ഞു.2004 മോഡൽ വാഹനം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്തത് റെഡ്‌ക്രോസാണെന്ന് ദുൽഖറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വാഹനം പിന്നീട് ഉപയോഗിച്ചിരുന്ന തമിഴ്നാട്ടിലെ ഹബീബ് മുഹമ്മദിൽ നിന്നാണ് ഹർജിക്കാരൻ വാങ്ങിയത്. ഹർജി വീണ്ടും നവംബർ 7ന് പരിഗണിക്കും.ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
33 ഭൂട്ടാൻ വണ്ടികൾ
വിട്ടു നൽകി
സ്വന്തം ലേഖകൻ
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത 39 ഭൂട്ടാൻ വണ്ടികളിൽ 33 എണ്ണം ഉടമകളുടെ സേഫ് കസ്റ്റഡിയിൽ വിട്ടു നൽകി. നടൻമാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വാഹനങ്ങൾ ഒഴികെയാണിത്.
ദുൽഖറിന്റെ ലാൻഡ്റോവർ ഡിസ്‌കവറി, നിസാൻ പട്രോൾ കാറുകളും അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളുമാണ് കസ്റ്റംസ് കസ്റ്റഡിയിലുള്ളത്. കേസ് നടപടികൾ കണക്കിലെടുത്താണ് ഇവരുടെ വാഹനങ്ങൾ വിട്ടുനൽകാത്തത്.ആഡംബര വാഹനങ്ങൾ കേടു കൂടാതിരിക്കാൻ വേണ്ടിയാണ് സേഫ് കസ്റ്റഡിയിൽ നൽകിയത്. നിയമനടപടികൾ അവസാനിക്കുന്നതു വരെ ഉടമയ്‌ക്ക് വാഹനം ഉപയോഗിക്കാൻ കഴിയില്ല. നിയമവിരുദ്ധമായല്ല എത്തിച്ചതെന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാദ്ധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് 200ഓളം വാഹനങ്ങൾ സ്ഥാനത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇവയിൽ 142 എണ്ണത്തിന്റെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
പരിശോധന കടുപ്പിച്ചതിന് പിന്നാലെ നിരവധി ഭൂട്ടാൻ വാഹനങ്ങൾ കേരളത്തിനു പുറത്തേക്കു കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇവ കണ്ടെത്താൻ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ പരിശോധന ആരംഭിക്കും. ഇതിനായി തമിഴ്നാട്, കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |