തിരുവനന്തപുരം: ആഭരണപ്രേമികളുടെ നെഞ്ചിൽ തീ കോരി ഒഴിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം കൂടിയത് 840 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 90,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 90,320 രൂപ നൽകേണ്ടിവരും. ആഭരണമായി വാങ്ങുന്നവർക്ക് പണിക്കൂലിയും ജിഎസ്ടിയും കൂടി ചേർത്താൽ വില ഇനിയും കൂടും.
കഴിഞ്ഞ ദിവസവും സ്വർണത്തിന്റെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. പവന് 1,000 രൂപ വർദ്ധിച്ചതോടെ ഇന്നലെ 88,560 രൂപയായിരുന്നു. 125 രൂപയായിരുന്നു ഒരു ഗ്രാമിന് ഇന്നലെ വർദ്ധിച്ചത്. ആഗോള മേഖലയിൽ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ശക്തമായതോടെയാണ് സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നത്. സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകളും ആഗോള ഫണ്ടുകളും സ്വർണം മത്സരിച്ച് വാങ്ങുന്നത് തുടരുകയാണ്.
ചൈനീസ് സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങികൂട്ടുകയാണ്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് നിക്ഷേപകരെ ആശങ്കാകുലരാക്കുന്നത്. അമേരിക്കയിൽ ഷട്ട്ഡൗൺ തുടരുന്നതിനാൽ പ്രധാന സാമ്പത്തിക കണക്കുകൾ പുറത്തുവിടുന്നില്ല. ഷട്ട്ഡൗൺ ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ അയവില്ല. ഒക്‌ടോബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കാനുള്ള സാദ്ധ്യതയും അനുകൂലമാണ്.
രൂപയുടെ മൂല്യത്തകർച്ച കൂടി കണക്കിലെടുത്താൽ ദീപാവലിക്ക് മുമ്പ് പവൻ വില കേരളത്തിൽ ഒരു ലക്ഷം രൂപയിലെത്തിയേക്കും. പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമാണ് സ്വർണം. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവ ഒഴിവാക്കി സ്വർണ ശേഖരം ഉയർത്തുകയാണ്. നടപ്പു വർഷം സ്വർണ വിലയിൽ ഇതുവരെ 51 ശതമാനം വർദ്ധനയുണ്ട്. വെള്ളി വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |