കറാച്ചി: അഫ്‌ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേർ അർദ്ധസൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
പാകിസ്ഥാന്റെ വടക്ക് കിഴക്കൻ ജില്ലയായ കുറാമിൽ സൈനികരും ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷമാണ് കുഴിബോംബ് ആക്രമണം നടന്നതെന്നതെന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപ് പിർ ആഘാ ഖന്ധാരി എന്ന് പേരുള്ള ഒരു തീവ്രവാദിയെ പാകിസ്ഥാൻ സേന വധിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു. തെഹ്‌രിക് ഇ താലിബാൻ തീവ്രവാദ സംഘടനയിൽ ഉൾപ്പെട്ട ഇയാൾ അഫ്‌ഗാൻ വംശജനാണെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച ബജൗർ ജില്ലയിലെ ഗാബിർ പ്രദേശത്ത് സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്. നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ മാസം തെഹ്‌രിക് ഇ താലിബാന്റെ ശക്തിേന്ദ്രമായ പക്തൂണ്‍ക്വ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക വാസികൾ പറയുന്നത്. എന്നാൽ തെഹ്‌രിക് ഇ താലിബാൻ കുഴിച്ചിട്ട ബോംബ് നിർമ്മാണ സാമഗ്രികൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തീവ്രവാദികൾ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിലൂടെ പാകിസ്ഥാനിലെ ഭരണം അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് തെഹ്‌രിക് ഇ താലിബാൻ നടത്തുന്നതെന്നും ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്നും പാകിസ്ഥാൻ സേന ആരോപിക്കുന്നു. എന്നാൽ അഫ്‌ഗാൻ അധികൃതർ ഈ ആരോപണത്തെ നിഷേധിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |