കൊച്ചി: നഗരമദ്ധ്യത്തിൽ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി കവർച്ചനടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊച്ചി കുണ്ടന്നൂരിലാണ് കമ്പനി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപയുടെ വമ്പൻ കവർച്ച നടത്തിയത്. കൊള്ള നടത്തിയവർ മുഖംമൂടി ധരിച്ചാണെത്തിയത്. അഞ്ചംഗ സംഘത്തിലെ ഒരാളെന്ന് കരുതുന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. വടുതല സ്വദേശി സജിയാണ് പിടിയിലായത്. ഇയാളെ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
സ്റ്റീൽ വ്യാപാര കേന്ദ്രത്തിലെത്തിയ സംഘം പണം ഇരട്ടിപ്പിച്ച് ഒരു കോടി രൂപയാക്കാം എന്ന് പറഞ്ഞതിനെ തുടർന്ന് തർക്കമുണ്ടായി. ഇതിനൊടുവിലാണ് തോക്ക് ചൂണ്ടി 80 ലക്ഷം തട്ടിയെടുത്തതെന്നാണ് വിവരം. കുണ്ടന്നൂർ നാഷണൽ സ്റ്റീൽ കമ്പനിയിലാണ് സംഭവം. വൈകിട്ട് മൂന്നരയോടെ ആദ്യം ബൈക്കിൽ രണ്ടുപേർ ഇവിടെയെത്തി. ഇവർ സ്ഥാപനത്തിൽ നിരീക്ഷണം നടത്തി മടങ്ങി. പിന്നാലെ അഞ്ചുപേർ കാറിലെത്തി സ്ഥാപനത്തിന്റെ വശത്ത് വാഹനം നിർത്തിയ ശേഷം ഉള്ളിൽ കടന്നു. ഇവരുടെ കൈയിൽ വടിവാളും തോക്കുമുണ്ടായിരുന്നു. കമ്പനിയിൽ പണം മേശപ്പുറത്ത് വച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ജീവനക്കാരുടെ പക്കൽ നിന്നും പണം എടുത്ത് സംഘം വന്ന കാറിൽതന്നെ രക്ഷപ്പെട്ടു.
കവർച്ച നടന്ന സ്ഥാപനത്തിനുള്ളിൽ സിസിടിവി ക്യാമറകളില്ല. ചുറ്റുമുള്ള സിസിടിവി നോക്കിയാണ് പ്രതികളെക്കുറിച്ച് മനസിലാക്കിയത്. മൊത്ത വിതരണ സ്ഥാപനമായതുകൊണ്ട് സ്റ്റോക്കെടുക്കാൻ സൂക്ഷിച്ച പണമാണ് തട്ടിയെടുത്തതെന്ന് ജീവനക്കാർ അറിയിച്ചു. മോഷണസംഘം വന്ന കാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |