കോഴിക്കോട്: പാളയം പഴം -പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള കോർപ്പറേഷൻ നിലപാടിൽ പ്രതിഷേധം ശക്തമാക്കി വ്യാപാരികളും തൊഴിലാളികളും. കോഴിക്കോടിന്റെ പൈതൃകമായ പഴം-പച്ചക്കറി മാർക്കറ്റും അനുബന്ധ മേഖലയും പാളയത്തു തന്നെ നില നിർത്തണമെന്നാവശ്യപ്പെട്ട് പാളയം മാർക്കറ്റ് അനുബന്ധ മേഖല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോർപ്പറേഷൻ ഓഫീസിലേക്ക് കുടുംബ ബഹുജന മാർച്ച് നടത്തി. കടകളടച്ച് പാളയം മാർക്കറ്റിൽ നിന്ന് ആരംഭിച്ച മാർച്ച് കോഴിക്കോട് കോർപ്പറേഷൻ ഓഫീന് മുന്നിൽ സമാപിച്ചു. സമരത്തിൽ കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു. പാളയത്ത് നിന്ന് ഒഴിയാൻ തയ്യാറാവില്ലെന്നും മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് അടക്കമുള്ള തൊഴിലാളി സംഘടനകളും മാർച്ചിൽ പങ്കെടുത്തു. അതേസമയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കോർപ്പറേഷൻ. വരുന്ന ആഴ്ചയ്ക്കുള്ളിൽ ആധുനിക മാർക്കറ്റ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റംഗം അംഗം സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണ ദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് പി.എം ഹനീഫ, ഐ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ.സി സതീശൻ, എ.ഐ.ടി.യു.സി വഴിയോര ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ ജിറാർ, മുൻ കൗൺസിലർ ഷമീൽ തങ്ങൾ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.രാജേഷ്, ഫ്രൂട്സ് അസോസിയേഷൻ പ്രതിനിധി എൻ.പി സലീം, കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.ടി അബ്ദു, കോഓർഡിനേഷൻ കമ്മിറ്റി ട്രഷറർ എം.മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. റാലിക്ക് കെ.പി അബ്ദുൽ ജലീൽ, പി.അബ്ദുൽ റഷീദ്, നാസർ കമിമാടം, ടി.മുഹമ്മദ് മുസ്തഫ, അസിലു, എൻ.കെ ബീരാൻ, ഇ.തൽഹത്, എം.ടി മുസ്തഫ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |