വള്ളിക്കോട് : ഓണവിപണിയിൽ ഇത്തവണ വിറ്റഴിച്ചത് ആറായിരം കിലോ വള്ളിക്കോട് ശർക്കര. നഷ്ടപ്രതാപം വീണ്ടെടുത്ത വള്ളിക്കോട് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. നിലവിൽ ഓണക്കാലത്ത് മാത്രമാണ് വള്ളിക്കോട് ശർക്കര വിപണിയിൽ ലഭ്യമായിരുന്നത്. ഇനിമുതൽ എന്നും ശർക്കര ലഭ്യമാക്കുന്നതിനുള്ള നടപടികളുമായാണ് കരിമ്പ് ഉത്പാദക സഹകരണ സംഘം മുന്നോട്ട് പോകുന്നത്. രണ്ട് ഹെക്ടർ സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയത്. കോന്നി കരിയാട്ടം ടൂറിസം എക്സ്പോ ആയിരുന്നു പ്രധാന വിപണന കേന്ദ്രം. ജില്ലയിലെ കൃഷി ഭവനുകളിലും സർക്കാർ ഓണവിപണികളിലും വള്ളിക്കോട് ശർക്കര ലഭ്യമായിരുന്നു. ഗ്രാമപഞ്ചയത്തിന്റെയും കൃഷി ഭവന്റെയും പൂർണ പിന്തുണയിൽ യുവാക്കളുടെ മേൽനോട്ടത്തിലാണ് കരിമ്പ് കൃഷി വീണ്ടും തുടങ്ങിയത്. ഇപ്പോൾ കൂടുതൽ ആളുകൾ കരിമ്പ് കൃഷിയിലേക്ക് ഇറങ്ങുന്നുണ്ട്.
30 വർഷങ്ങൾക്ക് മുമ്പ് വള്ളിക്കോട് പഞ്ചായത്തിലെ വള്ളിക്കോട്, കൈപ്പട്ടൂർ , നരിയാപുരം , വാഴമുട്ടം ഈസ്റ്റ്, തുടങ്ങിയ പ്രദേശങ്ങളിലും അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള കരിമ്പ് കൃഷിയാണ് ഉണ്ടായിരുന്നത്. അന്ന് പത്തിലധികം കരിമ്പാട്ട് ചക്കുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പന്തളം ഷുഗർ മില്ലിലേക്കും വലിയ തോതിൽ കരിമ്പ് എത്തിച്ചിരുന്നു. ഷുഗർ മില്ലിന്റെ പ്രവർത്തനം നിലച്ചതോടെയാണ് കരിമ്പാട്ട് ചക്കുകളുടെ എണ്ണം കൂടിയത്. തുടർന്ന് റബറിന്റെ കടന്നുവരവും കൂലിയും ചെലവും വർദ്ധിച്ചതും കൃഷിക്കാർ .കരിമ്പ് കൃഷിയിൽ നിന്ന് പിന്തിരിയാൻ കാരണമായി .
കൃഷിയിലേക്ക് കൂടുതൽ ചെറുപ്പക്കാർ
ആർ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷമാണ് കരിമ്പ് കൃഷി പുനരാരംഭിക്കുന്നതിന് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ പ്രോത്സാഹനത്തെ തുടർന്ന് കുറച്ച് ചെറുപ്പക്കാർ മുന്നോട്ടുവരികയായിരുന്നു. പ്രവാസിയായ ശരത് മുൻകൈയെടുത്ത് കരിമ്പാട്ട് മിൽ സ്ഥാപിച്ചത് സഹായമായി. . പന്തളം കൃഷി ഫാമിൽ നിന്നെത്തിച്ച മാധുരി ഇനത്തിൽപ്പെട്ട കരിമ്പ് തലക്കവും മറയൂർ കരിമ്പ് ഉത്പാദക സംഘത്തിൽ നിന്നെത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.
10000 രൂപ സബ്സിഡി
3 ലക്ഷം രൂപവരെ പലിശരഹിത വായ്പ
ഒാണത്തിന് വിറ്റത് 6000 കിലോ ശർക്കര
വള്ളിക്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പഞ്ചായത്ത് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട് രാവും പകലും പ്രവർത്തിച്ചിരുന്ന പത്തിൽ അധികം ശർക്കര ചക്കുകളാണ് ഒരുകാലത്ത് ഉണ്ടായിരുന്നത്. ഈ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിജയകരമായി പുരോഗമിക്കുന്നത്.
ആർ. മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |