തൃശൂർ: വടക്കഞ്ചേരി - ഇടപ്പിള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണത്തിന്റെ കരാർ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ എങ്ങുമെത്താതെ നിർമ്മാണം. ദേശീയപാത അതോറിറ്റി പി.എസ്.ടിക്ക് 2024 ജനുവരി 29ന് ആണ് കരാർ നൽകിയത്. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയതിനുശേഷമേ അടിപ്പാതകളുടെ നിർമ്മാണം ആരംഭിക്കാവുവെന്നാണ് കരാർ നിയമം. എന്നാൽ തകർന്ന് കിടക്കുന്ന അടിപ്പാതകളിൽ ടാറിംഗ് പോലും നടത്താതെ നിർമ്മാണം ആരംഭിച്ചതോടെ മണിക്കൂറുകളോളം ദേശീയ പാതയിൽ വാഹനങ്ങൾ കുരുങ്ങിയിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇടപെട്ട് ടോൾ ഒഴിവാക്കിയിരുന്നു. ടോൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. എന്നാൽ നിലവിൽ മുരിങ്ങൂരും പുതുക്കാടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കരാറിനും വിലയില്ല
പി.എസ്.ടി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് ദേശീയപാതയിലെ 11 സ്ഥലത്ത് അടിപ്പാതകൾ നിർമ്മിക്കാൻ കരാർ നൽകിയിട്ടുള്ളത്. ഈ കമ്പനി നടത്തിയ പല നിർമ്മാണങ്ങളും നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് കോടതിയിൽ കേസുകൾ നിലവിലുള്ളപ്പോൾ കേരളത്തിലെ അടിപ്പാതകളുടെ നിർമ്മാണം നൽകിയതിലും ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ദേശീയ പാത അതോറിറ്റി പി.എസ്.ടി. കമ്പനിക്ക് ചുമതല നൽകിയത്.
തുക കൂട്ടാൻ നീക്കം
അടിപ്പാത നിർമ്മാണം വൈകിയത് തങ്ങളുടേതല്ലാത്ത കാരണമാണെന്ന് കാണിച്ച് കരാർ തുകയിൽ വൻ വർധന വരുത്താനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്ന് സൂചന. മഴയാണ് അടിപ്പാത നിർമ്മാണം വൈകാൻ കാരണമെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. മഴക്കാലത്ത് മണ്ണ് എടുക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധിയായി പറയുന്നത്.
മദ്രാസ് ഹൈക്കോടതിയിൽ കേസുള്ള പി.എസ്.ടി കമ്പനിക്ക് അടിപ്പാത നിർമ്മാണം നൽകാൻ ദേശീയപാത അതോറിറ്റി തയ്യാറായതിൽ ദുരൂഹതയുണ്ട്. നിർമ്മാണം നടത്താതെ ടോളും വാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെയാണ് പോരാട്ടം നടത്തുന്നത്.അഡ്വ. ഷാജി കോടങ്കണ്ടത്ത്
ഹർജിക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |