ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിൽ മൂന്നാംഘട്ടം വികസനത്തിന്റെ ഭാഗമായി അനുവദിച്ച 102 കോടി രൂപ വകമാറ്റിയതിൽ പ്രതിഷേധവുമായി ഭൂവുടമകൾ. വസ്തുവിന്റെ പ്രമാണവും രേഖകളും കൈമാറിയിട്ട് പത്ത് വർഷത്തോളമായെന്നും തിരുവനന്തപുരം ജില്ലയെ സർക്കാരും മരാമത്തും ടൂറിസം വകുപ്പും അവഗണിക്കുകയാണെന്നുമാണ് ബാലരാമപുരം നിവാസികൾ പറയുന്നത്. എം.എൽ.എ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലും റസിഡന്റ്സ് അസോസിയേഷനുകൾ, മതസാമുദായിക സംഘടനകൾ, വിവിധ കർമസമിതികൾ, ജനകീയപ്രതികരണവേദി തുടങ്ങിയ സംഘടനകളും അണിനിരന്നു.
കൊടിനട-വഴിമുക്ക് ദേശീയപാത വികസനത്തിന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നുണ്ടെന്നും എം.എൽ.എയുടെ സമരം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള നാടകമാണെന്നും സി.പി.എം നേമം ഏരിയ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ട് കച്ചവടക്കാരും തൊഴിലാളികളും
കൊടിനട- വഴിമുക്ക് പാതയിൽ കെട്ടിടം പൊളിക്കുന്നതിന് മുമ്പേ ഭൂവുടമകളുടെ കെട്ടിടങ്ങളിൽ കച്ചവടം നടത്തിയിരുന്നവരും തൊഴിലാളികളും ഒഴിഞ്ഞു കൊടുത്തിരുന്നു. ഒന്നരവർഷമായി കച്ചവടക്കാരും തൊഴിലാളികളും ആനുകൂല്യം ലഭിക്കാതെ സർക്കാർ വാതിലുകൾ കയറിയിറങ്ങുകയാണ്. പാതവികസനത്തിന് ഫണ്ട് അനുവദിച്ചെന്ന വാർത്തകൾ വരുമ്പോൾ പ്രതീക്ഷയോടെ കാത്തിരുന്ന കച്ചവടക്കാർക്കും തൊഴിലാളികൾക്കും വീണ്ടും സമരമുഖത്തേക്കിറങ്ങുകയാണ്. നഷ്ടപരിഹാരം നൽകാനുള്ളതിൽ 60 പേർ ഭൂവുടമകളും 125ൽപ്പരം പേർ കച്ചവടക്കാരും തൊഴിലാളികളുമാണ്. പുതിയ കെട്ടിടം പണിയാനോ കടകൾ കെട്ടുവാനോ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഭൂവുടമകൾ.
പ്രമാണവും രേഖകളും തിരികെ നൽകണമെന്ന്
കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്നാംഘട്ടമായ കൊടിനട-വഴിമുക്ക് വരെ ഏറ്റെടുത്ത ഭൂമിയിൽ നഷ്ടപരിഹാരം ഇതുവരെയും നൽകാതായതോടെ പ്രതിഷേധവുമായി ഭൂവുടമകളും ജനകീയപ്രതികരണവേദിയും. 6 മാസം മുമ്പ് ഭൂവുടമകൾ ഒപ്പിട്ട നിവേദനം കളക്ടർക്കും ദേശീയപാത റവന്യൂ വിഭാഗത്തിനും കൈമാറിയിട്ടും രേഖാമൂലം യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല. പാതവികസനത്തിന് 102കോടി രൂപ അനുവദിച്ചെന്ന് സർക്കാർ അനുകൂല പോസ്റ്ററുകൾ ഉയർന്നെങ്കിലും മാറ്റമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |