നേമം: പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വർക്‌ഷോപ്പ് കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയിൽനിന്ന് സിമന്റ് പാളികൾ അടർന്നു വീഴുന്നത് നിത്യ സംഭവം. ഇങ്ങനെ ജീവനക്കാരന് പരിക്കേറ്റ സംഭവവുമുണ്ട്. വർക്‌ഷോപ്പ് കെട്ടിടം ഇത്രയും ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളായി. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വിശ്രമമുറിയുമുണ്ട്.
50 വർഷത്തോളം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. ഇവിടെ ജീവൻ പണയംവച്ചാണ് ഇരുന്നൂറോളം വരുന്ന ജീവനക്കാർ ജോലിചെയ്യുന്നത്. മഴപെയ്താൽ കെട്ടിടത്തിലിരിക്കാൻ ജീവനക്കാർക്ക് ഭയമാണ്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്ക് ജീവനക്കാർ പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രിയും എം.ഡിയും അവിടെ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.
ആകെ സംഭവിച്ചത് ഒരു താത്കാലിക ഷെഡ് പണിതതുമാത്രം. ഇപ്പോഴും പ്രധാന പണികളെല്ലാം പഴയ കെട്ടിടത്തിൽ തന്നെയാണ് നടക്കുന്നത്. വാഹനം പണിയാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പഴയ കെട്ടിടത്തിലാണുള്ളത്.
പൊളിഞ്ഞു വീഴാവുന്ന ഈ കെട്ടിടത്തിലാണ് എ.സി, മിന്നൽ, ഇലക്ട്രിക്, ലോക്കൽ ബസ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |