തിരുവനന്തപുരം: മുൻ മേഘാലയ മുഖ്യമന്ത്രിയും ലോക സഭ സ്പീക്കറുമായിരുന്ന പിഎ സാംഗ്മ രൂപീകരിച്ച നാഷണൽ പീപ്പിൾസ് പാർട്ടി കേരളത്തിൽ ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭാഗമായി. എൻപിപി സംസ്ഥാന അദ്ധ്യക്ഷൻ കെടി തോമസ്, ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, വൈസ് പ്രസിഡൻ്റ് ജേക്കബ് തോമസ് എന്നിവർ എൻഡിഎ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിലെ മലയോര മേഖലയിൽ, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നിർണായക സ്വാധീനമുള്ള എൻ പിപി യുടെ എൻഡിഎയിലേക്കുള്ള വരവ് ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻപിപി യെ അദ്ദേഹം എൻഡിഎയിലേക്ക് സ്വീകരിച്ചു.
'കേരളത്തിലെ യുഡിഎഫ് - എൽഡിഎഫ് മുന്നണികൾ നടത്തിവരുന്ന പ്രീണന രാഷ്ട്രീയം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് കെടി തോമസ് വ്യക്തമാക്കി. ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടു വാങ്ങി ജയിക്കുന്നവർ ആ സമൂഹത്തിനായി ഒന്നും ചെയ്യുന്നില്ല. ജെബി കോശി റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ ഒരു വിഭാഗത്തിന്റെ മാത്രം ക്ഷേമമാണ് സംരക്ഷിക്കുന്നത്. സച്ചാർ കമ്മറ്റി റിപ്പോർട്ടിന് അനുബന്ധമായി കേരളത്തിൽ പാലൊളി കമ്മറ്റി റിപ്പേർട്ട് നടപ്പിലാക്കാൻ ഒട്ടും താമസം വരുത്താത്തവരാണ് ജെ. ബി കോശി റിപ്പോർട്ടിന്റെ കാര്യത്തിൽ വിവേചനം കാട്ടുന്നത്. കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ അതിനെ പിന്തുണക്കണമെന്ന് കേരളത്തിലെ ഇടതു വലതു മുന്നണികളോട് ക്രിസ്ത്യൻ സഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അതിനെതിരായി നിന്നവരാണ് എൽഡിഎഫും യുഡിഎഫും. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിൽ ഒരു പക്ഷത്തിന്റെ സംരക്ഷണം മാത്രം ഉറപ്പാക്കാനാണിവർക്കു താല്പര്യം'- കെടി തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |