ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍ യശസ്‌വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 173*(253) ആണ് ആദ്യ ദിനം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 20*(68) ആണ് യശസ്‌വി ജയ്‌സ്‌വാളിന് കൂട്ടായി ക്രീസിലുള്ളത്.
ഓപ്പണര്‍ കെഎല്‍ രാഹുല്‍ 38(54), മൂന്നാമനായി എത്തിയ സായ് സുദര്‍ശന്‍ 87(165) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ യശസ്‌വി ജയ്‌സ്‌വാള്‍ - കെഎല്‍ രാഹുല്‍ സഖ്യം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. വാരിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമാല്‍ഷ് സ്റ്റംപ് ചെയ്ത് കെഎല്‍ രാഹുല്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശന്‍ - യശസ്‌വി ജയ്‌സ്‌വാള്‍ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വാരിക്കന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സായ് പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തമിഴ്‌നാട് ബാറ്ററുടെ ഇന്നിംഗ്‌സ്. യശസ്‌വി ജയ്‌സ്‌വാള്‍ 22 ബൗണ്ടറികള്‍ പായിച്ചു. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയ ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍ (1-0).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |