ന്യൂഡൽഹി: 2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി വൈറ്റ് ഹൗസ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നോബൽ പുരസ്കാരം നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസിന്റെ വിമർശനം. ആഗോള സമാധാനത്തോടുള്ള യഥാർത്ഥ പ്രതിബദ്ധതയെക്കാൾ രാഷ്ട്രീയ പക്ഷപാതമാണ് നോബൽ കമ്മിറ്റിയുടേതെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു.
ഒരിക്കൽക്കൂടി സമാധാനത്തിന് മുകളിൽ നോബൽ കമ്മിറ്റി രാഷ്ട്രീയം പ്രതിഷ്ഠിച്ചിരിക്കുന്നു. ട്രം പ് സമാധാന കരാറുകൾ ഉണ്ടാക്കുന്നതും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും തുടരും. അദ്ദേഹത്തിന് മനുഷ്യസ്നേഹിയുടെ ഹൃദയമുണ്ട്. തന്റെ ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തെ പോലെ മറ്റാരും ഉണ്ടാകില്ല എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീഫൻ ച്യൂങ് ട്വീറ്റിൽ പറഞ്ഞു.
നേരത്തെ തനിക്ക് നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ലോകത്ത് എഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും തന്റെ ഇടപെടലിലാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025 ലെ സമാധാനത്തിനുള്ള നൊബൽ സമ്മാനം ലഭിച്ചത്. നിരവധി രാജ്യങ്ങൾ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ഒരു സമയത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മരിയയുടെ ശ്രമങ്ങൾക്കാണ് അംഗീകാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിനും ഉള്ള അംഗീകാരമാണ് പുരസ്‌കാര സമർപ്പണം എന്ന് നൊബേൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ ഡോളർ) വിലമതിക്കുന്നതാണ് നൊബൽ സമ്മാനം. വെനിസ്വേലയുടെ ഉരുക്കുവനിത എന്നും അറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ '2025 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ' പട്ടികയിൽ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |