കൊച്ചി: സിറ്റി ഗ്യാസ് ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് അദാനി ഗ്യാസ് അധികൃതർ പരാതി നൽകി. മേയറുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന അവലോകന യോഗത്തിൽ അദാനിയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
ഗ്യാസ് കണക്ഷൻ കിട്ടിയിട്ടുള്ള ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് എസ്.എം.എസ്, വാട്സാപ്പ് വഴി നിരന്തരമായി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇവയ്ക്കൊപ്പം കിട്ടിയ ലിങ്ക് തുറന്ന് പണം ഒടുക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള പേയ്മെന്റ് ലിങ്ക് മുഖേന മാത്രമേ സിറ്റിഗ്യാസ് പദ്ധതിയുടെ ബിൽതുക അടയ്ക്കാൻ സാധിക്കുവെന്ന് അധികൃതർ വിശദീകരിച്ചു. മറ്റ് ലിങ്കുകൾവഴി അടയ്‌ക്കുന്ന തുക ബില്ലിനത്തിൽ വരവു വയ്‌ക്കില്ല. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും സിറ്റി ഗ്യാസ് പദ്ധതിയുടെ പേരിൽ സമാന തട്ടിപ്പുകൾ നടക്കുന്നതായി അദാനി ഗ്യാസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബിൽതുക സംബന്ധിച്ച് പരാതികളെ തുടർന്നാണ് അവലോകനയോഗം ഇക്കാര്യം ചർച്ചചെയ്തത്. സംശയനിവാരണം ആവശ്യമുള്ളവർ ഡിവിഷൻ കൗൺസിലർമാരുമായി ബന്ധപ്പെടണമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കുഴിക്കുന്ന റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത വിഷയവും യോഗം ചർച്ചചെയ്തു. പദ്ധതിക്കായി കുഴിച്ചിട്ട റോഡുകളുടെ വിവരങ്ങളും പുന:സ്ഥാപിക്കുന്ന വിശദാംശങ്ങളും അടങ്ങിയ ചാർട്ട് തയ്യാറാക്കി മേയർക്കും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർക്കും സമർപ്പിച്ച് 15 ദിവസത്തിനകം ജോലികൾ പൂർത്തിയാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. റോഡുകളുടെ പുനരുദ്ധാരണം, ഗ്യാസ് കണക്ഷൻ എന്നിവ അവലോകനം ചെയ്യാൻ 5 ദിവസം കൂടുമ്പോൾ പൊതുമരാമത്ത് അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |