
മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ കുത്തിക്കൊന്നു.
വടക്കിയിൽ കൊല്ലപ്പറമ്പൻ അബ്ബാസിന്റെയും ഖൈറുന്നീസയുടെയും മകൻ അമീർ സുഹൈൽ (26) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് ജുനൈദ് (28) മഞ്ചേരി പൊലീസിൽ കീഴടങ്ങി.
ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച വാക്കുതർക്കവും കുടുംബ പ്രശ്നങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ്.എച്ച്.ഒ പ്രതാപ് കുമാർ പറഞ്ഞു. ഇരുവർക്കും വലിയ കടബാദ്ധ്യതകളുണ്ട്. വീട് ജപ്തി ഭീഷണിയിലാണ്. നേരത്തെയും ഇവർ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.
മുറിയിലെത്തിയ ജുനൈദ് അടുക്കളയിലെ കത്തി ഉപയോഗിച്ച് അമീറിന്റെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടിയ അമീർ അടുക്കളയിൽ വീഴുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ജുനൈദ് കത്തിയുമായി ബൈക്കിൽ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സംഭവസമയം ഖൈറുന്നീസയും സഹോദരിയും സഹോദരിയുടെ രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. ഖൈറുന്നീസയാണ് അടുത്തുള്ള ബന്ധുവീട്ടിൽ വിവരമറിയിച്ചത്.
ഇരുവരും ഒരുമിച്ചാണ് പലപ്പോഴും ബൈക്കിൽ ജോലിക്ക് പോവാറുള്ളത്. കൊലപാതകത്തിന്റെ തലേദിവസവും ഒരുമിച്ചാണ് പോയതെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും ഒരുവീട്ടിലാണ് താമസം. അമീർ അവിവാഹിതനാണ്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിതാവ് നാഗർകോവിലിൽ ജോലി ചെയ്യുകയാണ്. ജുനൈദ് പ്ലമ്പിംഗ് ജോലിയും അമീർ വണ്ടിക്കച്ചവടവും നടത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |