സുൽത്താൻ ബത്തേരി: റോഡ് നിർമാണം തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും പണി പൂർത്തീയാക്കാനായില്ല. കരാറുകാരനെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റുകയും ചെയ്തു. പുതിയ ടെൻഡർവെച്ച് ആരെങ്കിലും കാരാർ ഏറ്റെടുത്താൽ മാത്രമെ ഇനി റോഡു നിർമാണം നടക്കുകയൊള്ളു. അതുവരെ ജനങ്ങൾക്ക് യാത്ര ദുരിതം തന്നെ. സുൽത്താൻ ബത്തേരി ബീനാച്ചി പനമരം റോഡിൽ സിസിയിൽ നിന്ന് തുടങ്ങി വാകേരിയിലെത്തുന്ന രണ്ട് കിലോമീറ്റർ റോഡാണ് നിർമ്മാണം നടക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായത്. 2022ലാണ് എട്ട് കോടി രൂപ ചെലവിൽ റോഡും പാലക്കുറ്റിയിൽ റോഡിന് കുറുകെ പാലവും നിർമ്മിക്കാൻ ടെൻഡർ നൽകിയത്. കാസർഗോഡ്കാരനായ ഒരു കരാറുകാരൻ ടെൻഡർ വർക്ക് ഏറ്റെടുക്കുകയും ചെയ്തു. പാലക്കുറ്റിയിൽ റോഡിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ റോഡ്പണി മാത്രം തുടങ്ങിയില്ല. റോഡുപണി അനന്തമായി നീണ്ടതോടെ ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയും ചെയ്തു. അതിനിടെ റോഡ് നിർമ്മാണ സാമഗ്രികളുടെ വിലകയറ്റവും മെറ്റീരിയൽസ് കിട്ടാനില്ലാതെ വന്നതും പ്രതികൂല കാലാവസ്ഥയുമെല്ലാം പണിതുടങ്ങാൻ തടസമായി. നിർമ്മാണത്തിനായി റോഡിന്റെ പലഭാഗങ്ങളും പൊളിച്ചിട്ടത് വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ദുരിതമായി. റോഡ് നിർമ്മാണത്തിന് ടെൻഡറിൽ കാണിച്ച കാലാവധി കഴിഞ്ഞങ്കിലും ഒന്നിലധികം തവണ കാലാവധി ദീർഘിപ്പിച്ച് നൽകുകും ചെയ്തു. പക്ഷേ പണി മാത്രം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. റോഡ് നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ച് വാകേരി മേഖലയിലെ ജനങ്ങൾ രംഗത്തിറങ്ങുകയുണ്ടായി. കരാറുകാരനെതിരെ ജനരോക്ഷം ഉയരുകയും ചെയ്തു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെടുകയും കരാറുകാരനെ അടിയന്തരമായി മാറ്റി പുതിയ ആളെ വെച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്നായിരുന്നു കരാറുകാരനെ മാറ്റിയത്. പുതിയ ടെൻഡർ വിളിച്ച ശേഷമെ ഇനി റോഡ് പണി നടക്കുകയൊള്ളു. ഇതിന്റെ നടപടി ക്രമങ്ങങ്ങളാണെങ്കിൽ തുടങ്ങുന്നതേയുള്ളു. ദുരിതയാത്രയ്ക്ക് അറുതി ഉണ്ടാവാൻ സിസി വാകേരി മേഖലയിലെ ജനങ്ങൾക്ക് ഇനിയും മാസങ്ങൽ കാത്തിരിക്കേണ്ടിവരും. നിലവിൽ റോഡിൽ ബിഎമ്മും, ബിഎസിസിയും ചെയ്യേണ്ടിയിരിക്കുന്നു. റോഡ് നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |