പാലോട്: പെരിങ്ങമല സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം.കഴിഞ്ഞ വർഷം ജനുവരി അവസാനത്തോടെയാണ് വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള നിർമ്മാണോദ്ഘാടനം നടന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. നിലവിലെ കെട്ടിടം പൊളിച്ചതോടെ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടിലായി. 50 ലക്ഷം ചെലവിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം ആരംഭിച്ചത്. നിലവിൽ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. അധികൃതർ ഇടപെട്ട് എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുടരുന്ന തർക്കം
പെരിങ്ങമ്മലയിൽ നിന്നും പാലോട്ടെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെട്ടിടം മാറ്റൽ രാഷ്ട്രീയ വിവാദവുമായി.നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ഏഴുമാസം കഴിഞ്ഞിട്ടും കെട്ടിടം പൊളിച്ചു മാറ്റാത്തതും കാരണമായി. കഴിഞ്ഞ ഒക്ടോബറിലാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയത്.
വലിപ്പത്തിൽ 2ാം സ്ഥാനം
വലിപ്പത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ വില്ലേജ് ആണ് പെരിങ്ങമ്മല. ബ്രൈമൂറിൽ തുടങ്ങി കുളത്തൂപ്പുഴയ്ക്കു സമീപമുള്ള ശാസ്താനടയിലാണ് പെരിങ്ങമ്മല വില്ലേജ് പരിധി. 4860 ഹെക്ടറാണ് ആകെ വിസ്തൃതി.
ജീവനക്കാരുടെ അഭാവം
മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. നിലവിൽ വില്ലേജ് ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാരാണുള്ളത്. കോടതി വ്യവഹാരങ്ങൾ,റവന്യൂ റിക്കവറി,അദാലത്തുകൾ,പട്ടയമേള എന്നീ പിടിപ്പത് പണിയാണ് ജീവനക്കാർക്കുള്ളത്. കൂടാതെ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരുടെ പ്രശ്‌നങ്ങൾക്കും പരിഹാരം കാണണം.
ആവശ്യങ്ങൾ
അടിയന്തരമായി വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പെരിങ്ങമ്മല വില്ലേജ് പരിസ്ഥിതി സൗഹൃദ വില്ലേജ് ഓഫീസാക്കുമെന്നാണ് പറഞ്ഞിരുന്നത്.ദിവസവും നൂറുകണക്കിനാളുകൾ വന്നുപോകുന്ന ഇടമാണ്.പൊതുജനങ്ങൾക്കും ജീവനക്കാർക്കും ശൗചാലയങ്ങൾ,ഭിന്നശേഷിക്കാർക്ക് റാമ്പ് എന്നിവയെല്ലാം സാദ്ധ്യമാകുന്ന നിലയിൽ നിർമ്മാണ പൂർത്തീകരണം വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |