തിരുവനന്തപുരം: ശുദ്ധജല തടാകത്തെ മലിനമാക്കുന്ന പായലുകളെ ചെറുപായൽ കൊണ്ട് നശിപ്പിക്കാം. കൊച്ചി ഇടപ്പള്ളിയിലെ ഫൈ ഇക്കോസിസ് എന്ന സ്റ്റാർട്ടപ്പാണ് കണ്ടുപിടിത്തത്തിനു പിന്നിൽ.
കിണറ്റിലും മറ്റും കണുന്ന ചെറുപായലുകൾ (മൈക്രോ ആൽഗേകൾ) ശേഖരിച്ച് വലിയ അളവിൽ ബയോറിയാക്ടറിൽ നിർമ്മിച്ചെടുക്കും. ഇവയെ മലിനമായ ജലാശയങ്ങളിലേക്ക് കടത്തിവിടും. വലിയ പായലുകൾക്കു വേണ്ട നൈട്രജൻ,അമോണിയ,ഫോസ്ഫേറ്റ് മുതലായ പോഷകങ്ങൾ ഇവ ഭക്ഷണമാക്കും. താമസിയാതെ വലിയ പായൽ നശിക്കും. ജലം ശുദ്ധമാകും.
ഇടപ്പള്ളി സ്വദേശി ഡോ.കെ.എ.ജാസ്മിനാണ് സ്ഥാപക സി.ഇ.ഒ. കോവളത്ത് നടന്ന ബയോകണക്ട് എക്സ്പോയിലടക്കം സ്റ്റാർട്ടപ്പ് ശ്രദ്ധനേടി. ആഫ്രിക്കയിൽ വേസ്റ്റ്ഫ്രീ-23 എന്ന സംഘടനയുമായി ചേർന്ന് ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നുമുണ്ട് സ്റ്റാർട്ടപ്പ്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ആൽഗേ സ്ട്രെയിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഫൈ ഇക്കോസിസ്. കുസാറ്റിലാണ് ഇൻക്യുബേറ്റ് ചെയ്തിട്ടുള്ളത്. മുംബയിലെ വെൻലാർ കോർപ്പറേഷനുമായി സീവേജ് ട്രീറ്റ്മെന്റിന് സഹകരിക്കുന്നുണ്ട്.
വിദേശ സ്റ്റാർട്ടപ്പുകളിൽ
അനുഭവ സമ്പത്ത്
കുസാറ്റിൽ നിന്ന് മൈക്രോ ആൽഗേ ബയോടെക്നോളജിയിൽ പി.എച്ച്.ഡി നേടിയ ജാസ്മിൻ വിദേശ സ്റ്റാർട്ടപ്പുകളിലടക്കം പ്രവർത്തിച്ചു. ആറുമാസം മുൻപാണ് സ്വന്തമായി ആരംഭിച്ചത്. അമ്മ ജമീലയെ കമ്പനിയുടെ കോഫൗണ്ടറാക്കി. ഭർത്താവ് ഷിഹാബുദീൻ (സി.എം.എം ഫുഡ്). മക്കൾ ഫാത്തിമ ഫർസാന,ആയിഷ ഫർഹാന.
കാർബൺ വലിച്ചെടുക്കും
കാർബൺ വലിച്ചെടുത്ത് സൂക്ഷിക്കാനും ചെറു പായലുകൾക്ക് കഴിയും
ഇതുവഴി അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കാം
ഇവ ഉപയോഗിച്ച് കുക്കി, പാസ്താ പോലുള്ള ഭക്ഷ്യപദാർത്ഥങ്ങൾ തയാറാക്കാം
ബയോ ഇന്ധനങ്ങൾ നിർമ്മിക്കാമെന്നും ഗവേഷണത്തിൽ തെളിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |