ന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ശക്തമായ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ മികച്ച പ്രകടനമാണ് വിൻഡീസ് നിര കാഴ്ചവച്ചത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഫോളോ ഓൺ ചെയ്യുന്ന വിൻഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിനെക്കാൾ 97 റൺസിന് പിന്നിലാണ്.
മൂന്നാം ദിനം ജോൺ കാംബെല്ലും ഷായ് ഹോപ്പുമാണ് വിൻഡീസിനെ രക്ഷിച്ചത്. ഓപ്പണർ ജോൺ കാംബെൽ 87 റൺസോടെ പുറത്താകാതെ നിൽക്കുന്നുണ്ട്. മറ്റേ അറ്റത്ത് ഷായ് ഹോപ്പും 66 റൺസുമായി ക്രീസിലുണ്ട്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ 518/5 എന്ന കൂറ്റൻ സ്കോറിന് മറുപടിയായി വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 248 റൺസിന് ഓൾഔട്ടായിരുന്നു. കുൽദീപ് യാദവിന്റെ മികച്ച പ്രകടനമാണ് വിൻഡീസിനെ തകർത്തത്. അഞ്ച് വിക്കറ്റാണ് കുൽദീപിന് നേടാനായത്. ഇതോടെ ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേടുന്ന ചൈനാമാൻ ബൗളർ എന്ന റെക്കാർഡിനൊപ്പമെത്താനും കുൽദീപിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |