ഡർജിലിംഗ്: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡർജിലിംഗ് എംപി രാജു ബിസ്റ്റ. മലയോര മേഖലകളിൽ പൈപ്പ് വെള്ളം പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചകൾ ആരോപിച്ച് ഹൈഡ്രന്റ് പൈപ്പിലൂടെ മമതയെ ഫോണിൽ വിളിക്കുന്ന പോലെ അഭിനയിച്ചാണ് ബിസ്റ്റ പ്രതിഷേധിച്ചത്.
'ഹലോ ദീദി, കേൾക്കാമോ?' എന്ന് അദ്ദേഹം ഉറക്കെ ചോദിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയെ ചൂണ്ടികാണിക്കുന്നതായിരുന്നു. മലയോര മേഖലകളോടുള്ള സർക്കാരിന്റെ അവഗണന തുറന്നുകാട്ടാനാണ് താൻ ഇത്തരമൊരു മാർഗം തിരഞ്ഞെടുത്തതെന്ന് ബിസ്റ്റ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനേക്കാൾ വേഗത്തിൽ ഈ ഹൈഡ്രന്റ് പ്രതികരിക്കുമെന്നും ബിസ്റ്റ പറഞ്ഞു.
എല്ലാ വീടുകളിലും പൈപ്പ് വെള്ളമെന്ന കേന്ദ്ര സർക്കാർ പദ്ധതി ഡർജിലിംഗ് മലനിരകളിൽ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ് ബിസ്റ്റയുടെ വിമർശനം. കേന്ദ്രത്തിന്റെ സഹായമുണ്ടായിട്ടും ഡർജിലിംഗിലെ പല പ്രദേശങ്ങളിലും ഇപ്പോഴും പരമ്പരാഗത ജലസ്രോതസ്സുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ചിലയിടങ്ങളിൽ വെള്ളം തീരെ ലഭ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനൊപ്പം ഡാർജിലിംഗിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ യാത്ര ചെയ്യുകയാണ് ബിസ്റ്റ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പ്രളയത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ മമത ബാനർജി കൂട്ടാക്കാത്തതിനെയും ബിസ്റ്റ രൂക്ഷമായി വിമർശിച്ചു.
ഇതേ തുടർന്ന് വടക്കൻ ബംഗാളിന് ലഭിക്കേണ്ടിയിരുന്ന സർക്കാർ ഫണ്ടുകൾ നഷ്ടപ്പെട്ടുവെന്നും ഇത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നതിനു പകരം മമത സ്വന്തം പാർട്ടി അംഗങ്ങളെയും നുഴഞ്ഞുകയറ്റക്കാരെയും ബിജെപി നേതാക്കളെ ആക്രമിക്കാൻ അനുവദിക്കുകയാണെന്നും ബിസ്റ്റ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |