സിഡ്‌നി: നാലര പതിറ്റാണ്ടിലേറെ ദന്തഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുന്ന സ്റ്റീവൻ ഹാസിക്കിനടുത്ത് ചികിത്സ തേടിയവർ എച്ച്‌ഐവി അടക്കമുള്ള രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സ്റ്റീവൻ ഹാസിക്ക് എന്ന സഫുവാൻ ഹാസിക്കിൽ നിന്ന് ദന്തചികിത്സ നടത്തിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി അടക്കം വൈറസുകൾ ബാധിച്ചോ എന്നാണ് പരിശോധന നടത്തേണ്ടത്.
തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്റ്റീവൻ തന്റെ ക്ളിനിക്ക് നടത്തിയിരുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷം എന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. എത്രയും വേഗം പരിശോധന നടത്തിയ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നിർദ്ദേശം. സാദ്ധ്യത കുറവാണെങ്കിലും ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും എന്ന് കണ്ടാണ് നടപടി.
തെക്കൻ സിഡ്‌നി മോർട്ട്‌ഡെയിൽ 70 വിക്‌ടോറിയ അവന്യുവിൽ 1980 മുതൽ ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുകയാണ് ഇയാൾ. ന്യൂസൗത്ത് വെയിൽസ് ഡെന്റൽ കൗൺസിൽ ഇവിടെ ഓഡിറ്റ് നടത്തിയപ്പോൾ ദന്ത ഉപകരണങ്ങൾ അപര്യാപ്‌തമെന്നും തീർത്തും വൃത്തിഹീനമായ സാഹചര്യമെന്നും ബോദ്ധ്യമായി. പിന്നാലെ ഇദ്ദേഹത്തെ കൗൺസിൽ സസ്‌പെൻഡ് ചെയ്‌തു. ഇതിന് ശേഷമാണ് ഇപ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |