പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. ഡിവൈഎഫ്ഐ നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ മുൻ മേഖലാ സെക്രട്ടറി വിനേഷ് ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
നേരത്തെ കേസിൽ ഷൊർണൂരിലെ മൂന്ന് ഡിവൈഎഫ്ഐ നേതാക്കൾ പിടിയിലായിരുന്നു. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് പിടിയിലായത്. രാകേഷിന്റെ നിർദേശപ്രകാരമാണ് ഇവർ വിനേഷിനെ ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് വിനേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. വിനേഷിന്റെ ആക്രമണത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിൽ. വാണിയംകുളത്തുവച്ച് മൂന്നുപേരും ചേർന്ന് വിനേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് അവശനായ വിനേഷിനെ ചിലർ ചേർന്ന് വീട്ടിൽ കൊണ്ടുവിട്ടു. ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു വിനേഷ്. വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പാർട്ടി കുടുംബമാണ് വിനേഷിന്റേത്. കമന്റിട്ടതുമാത്രമാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |