
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിക്കുന്ന കോൺഗ്രസ് നയം ആത്മഹത്യാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ പറഞ്ഞു.
മുസ്ലിങ്ങളിൽ ബഹുഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളെ അംഗീകരിക്കുന്നില്ല. എന്നിട്ടും നാലു വോട്ടിനായി കോൺഗ്രസ് അവരുമായി അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. ഇസ്ലാം വിശ്വാസികളുമായി ബന്ധവുമില്ലാത്ത മൗദൂദിയൻ തീവ്ര ആശയങ്ങളാണ് അവരുടെ
നയം.സ്ഥാനാർത്ഥികളെ നോക്കി വോട്ട് നൽകുന്ന ജമാഅത്തെ ഇസ്ലാമി അത്യപൂർവമായി ചിലപ്പോൾ ഇടതു സ്ഥാനാർത്ഥികളെയും പിന്തുണച്ചിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി ജോൺ ബ്രിട്ടാസ് എം.പി ഫലപ്രദമായാണ് ഇടപെടുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. അശോക് കോടതിയെ സമീപിച്ചത് ശരിയായ കാര്യമല്ല.നെല്ല് സംഭരണത്തിൽ മില്ലുടമകൾ തുടരുന്ന ബോധപൂർവമായ നിസ്സഹകരണത്തിന് കാരണം മനസിലാകുന്നില്ലെ. കൃഷിക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ നിലപാട്.
കിഫ്ബി: ഇ.ഡി
നടപടിയെ നേരിടും
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ.ഡി നോട്ടീസിനെ ഗൗരവമായി കാണുന്നില്ല. സ്ഥലം ഏറ്റെടുത്തതു തന്നെയാണെന്ന് രണ്ടു കൈയും ഉയർത്തിപ്പറയും. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ കിഫ്ബി കൃത്യമായി പാലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്തെ തന്ത്രമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ. നടപടികളുണ്ടായാൽ നിയമപരമായി നേരിടും.
രാഹുലിന്റെ ഒളിയിടം
പറയൂ, പിടിക്കാം
രാഹുൽ മാങ്കൂട്ടം എവിടെയാണെന്ന് കോൺഗ്രസുകാർ പറഞ്ഞാൽ അയാളെ പിടിക്കാം. പ്രതിയെ സംരക്ഷിക്കുന്ന നയമാണ് ചിലരുടേത്. അയാൾ ചെന്ന സ്ഥലങ്ങളെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളുയരുന്നുണ്ട്. മന:സാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് രാഹുലിന്റെ
കേസിലുണ്ടായത്. ആരോപണമുണ്ടായപ്പോൾ മാറ്റി നിറുത്തേണ്ടതിന് പകരം സംരക്ഷിക്കുന്ന നയം കോൺഗ്രസിനെപ്പോലെ പാരമ്പര്യമുള്ള പാർട്ടിക്ക് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല: കുറ്റക്കാരെ സംരക്ഷിക്കില്ല
ശബരിമല സ്വർണക്കൊള്ളക്കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഭംഗിയായി പുരോഗമിക്കുകയാണ്. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല. ഡിജിറ്റൽ - സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സുപ്രീംകോടതി നിർദ്ദേശം പാലിച്ചാണ് പട്ടിക സമർപ്പിച്ചത്. ഈ പട്ടികയിൽനിന്ന് ഒരാളെ നിയമിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. ഇത് ഗവർണർ നഗ്നമായി ലംഘിക്കുന്നത് മനസിലാക്കാൻ കഴിയുന്നില്ല. വിചിത്രമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |