അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ഇന്ത്യ അടുക്കുന്നതിന്റെ സൂചന നൽകുന്നതാണ് അവിടത്തെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. ഇന്ത്യ ഇസ്ളാം വിരുദ്ധമായ നടപടികൾക്ക് മുൻതൂക്കം നൽകിവരികയാണെന്ന പാകിസ്ഥാന്റെ പ്രചാരണങ്ങൾക്ക് മറുപടി നൽകുന്നതു കൂടിയാണ് അഫ്‌ഗാനുമായി ഉരുത്തിരിയുന്ന പുതിയ സൗഹൃദം. താലിബാൻ സർക്കാരിനെ റഷ്യ അല്ലാതെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റൊരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ കാബൂളിലെ ഇന്ത്യയുടെ നയതന്ത്ര കാര്യാലയത്തെ എംബസിയായി ഉയർത്തുമെന്ന നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാക്കുകൾ നയതന്ത്രപരമായ പ്രായോഗിക പരിഗണനകൾക്ക് ഇന്ത്യ കൂടുതൽ സ്ഥാനം നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പ്രത്യേകിച്ച്, പാകിസ്ഥാനുമായി താലിബാന്റെ ബന്ധം വളരെ വഷളായിരിക്കുന്ന ഈ സന്ദർഭത്തിൽ.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളും വ്യോമത്താവളങ്ങളും തകർത്ത സംഭവത്തെ അഫ്‌ഗാനിസ്ഥാൻ അപലപിച്ചിട്ടില്ല. റഷ്യയുമായി അഫ്‌ഗാൻ സർക്കാർ പുലർത്തുന്ന അടുത്ത ബന്ധം ഇന്ത്യയുമായുള്ള നല്ല സൗഹൃദത്തിനും കളമൊരുക്കുകയാണ് ചെയ്യുന്നത്. അതിനിടെ കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി പാക് അതിർത്തി പോസ്റ്റുകളിൽ അഫ്‌ഗാനിസ്ഥാന്റെ സൈന്യം പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് അഫ്‌ഗാൻ അവകാശപ്പെടുന്നത്. എന്നാൽ 200 അഫ്‌ഗാൻ പോരാളികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു. വ്യാഴാഴ്ച രാത്രി അഫ്‌ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത് തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ മേധാവി നൂർ വാലി മെഹ്‌സൂദിനെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് ആരോപണം. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതിന് ശക്തമായ മറുപടി സൈനികമായി നൽകുമെന്ന് അഫ്‌ഗാൻ പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ വെടിവയ്‌പ് തുടരുന്നത്.
ഒരുകാലത്ത് വളരെ സൗഹൃദത്തിലായിരുന്ന പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇപ്പോൾ ബദ്ധശത്രുക്കളെപ്പോലെ നേർക്കുനേർ നിൽക്കുകയാണ്. ഇന്ത്യയുടെ നിലപാടുകൾ സത്യസന്ധവും ആത്മാർത്ഥവുമാണെന്ന് വൈകിയാണെങ്കിലും അഫ്ഗാനിസ്ഥാൻ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് അവരുടെ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. മാത്രമല്ല, ഇന്ത്യയുമായി വിവിധ വ്യാപാര മേഖലകളിൽ ക്രിയാത്മകമായ സഹകരണം അഫ്‌ഗാനിസ്ഥാൻ പ്രതീക്ഷിക്കുന്നുമുണ്ട്. ഭരണത്തിൽ വന്നതിനുശേഷം താലിബാൻ മാറുന്നു എന്നതിന്റെ സൂചനയും വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായി. ആദ്യത്തെ പത്രസമ്മേളനത്തിൽ വനിതാ പത്രപ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. അതിന് ഇന്ത്യാ സർക്കാർ കൂട്ടുനിന്നു എന്ന രീതിയിൽ വിവാദം ഉയർന്നപ്പോൾ വനിതാ പത്രപ്രവർത്തകരെ ക്ഷണിക്കുക മാത്രമല്ല, അവർക്ക് രണ്ടാം പത്രസമ്മേളനത്തിൽ മുൻനിരയിൽ സ്ഥാനം നൽകുകയും ചെയ്തു.
2001-ലെ യു.എസ് അധിനിവേശത്തിനു ശേഷം അഫ്‌ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിന് ഇന്ത്യ വലിയ സഹായമാണ് നൽകിയത്. ഇറാൻ ഉൾപ്പെടുന്ന മദ്ധ്യേഷ്യൻ മേഖലയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് അഫ്‌ഗാനിസ്ഥാൻ. അതിനാൽ അവരുമായുള്ള സൗഹൃദം ഇന്ത്യൻ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനും അനിവാര്യമാണ്. പാകിസ്ഥാന്റെയും ചൈനയുടെയും ഗൂഢലക്ഷ്യങ്ങൾ തകർക്കാനും അഫ്‌ഗാൻ സൗഹൃദം ഇന്ത്യയ്ക്ക് ഗുണകരമായി ഭവിക്കാതിരിക്കില്ല. താലിബാൻ നയങ്ങളോടുള്ള വിയോജിപ്പ് ആ രാജ്യത്തെ ജനങ്ങളോടുള്ള വിയോജിപ്പായി മാറേണ്ട കാര്യവുമില്ല. ആ ആർത്ഥത്തിൽ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യ അംഗീകരിച്ചാൽ അതിൽ കുറ്റം പറയേണ്ട കാര്യമില്ല. അതിനുള്ള വഴിയൊരുക്കുന്നതാണ് അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |