കാഞ്ഞങ്ങാട്: ദേശീയപാതാ വികസനം മുന്നോട്ട് പോകുമ്പോൾ, പദ്ധതിയുടെ ഏറ്റവും ഗുണഫലം അനുഭവിക്കേണ്ടിയിരുന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്കുണ്ടായത് വലിയ തിരിച്ചടി. ആശുപത്രിക്ക് മുന്നിൽ മൂന്ന് മീറ്ററോളം താഴ്ചയിലാണ് ദേശീയപാത കടന്നുപോകുന്നത്. ഈ പാതയിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ ഒന്നര കിലോമീറ്ററിലേറെ തെക്കോട്ടോ (കൂളിയങ്കാൽ), അത്രത്തോളം ദൂരം വടക്കോട്ടോ (ചെമ്മട്ടംവയൽ) സഞ്ചരിക്കണം.
ദേശീയപാതയുടെ ഡി.പി.ആർ തയ്യാറാക്കിയ ഘട്ടത്തിൽ ആശുപത്രിയുടെ മുമ്പിൽ നേരിട്ട് പ്രവേശനം നൽകുന്ന കാര്യം വ്യക്തമാക്കാതിരുന്നതാണ് പ്രതിസന്ധിയായത്. പിന്നീട് ഇത് മനസിലാക്കിയപ്പോഴേക്കും വളരെ വൈകി. എന്നാൽ അതിനു ശേഷം പ്രശ്നം പരിഹരിക്കാനുള്ള ചില ശ്രമങ്ങൾ നടന്നെങ്കിലും ഫലവത്തായില്ല. സാമ്പത്തിക പ്രയാസവും സാങ്കേതിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് എൻ.എച്ച്.എ.ഐ മുഖം തിരിച്ചത്.
ഒന്നര വർഷം മുൻപ് താൻ ചുമതലയേറ്റ ശേഷം പലവട്ടം ഈ ആവശ്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും എൻ.എച്ച്.എ.ഐക്കും കത്തുകളയച്ചുവെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ പറയുന്നത്. ഇനി ഒന്നും സാധിക്കില്ലെന്നാണ് എൻ.എച്ച്.എ.ഐ യുടെ മറുപടി.
പ്രശ്നം പരിഹരിക്കാൻ നടപ്പാലം
ജില്ലാ ആശുപത്രിക്ക് മുന്നിൽ ആശുപത്രിയുടെ തറനിരപ്പിൽ നിന്ന് മൂന്ന് മീറ്ററോളം താഴ്ത്തിയാണ് ദേശീയപാത നിർമിക്കുന്നത്. അതിനാൽ തന്നെ റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് രോഗികൾക്കടക്കം കടന്നുപോകാൻ ഒരു നടപ്പാലം നിർമിക്കാനുള്ള ധാരണയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിന്റെ ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കുകയെന്നാണ് വിവരം. അത് ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകില്ലെങ്കിലും റോഡ് മുറിച്ചുകടക്കാൻ നൂറ് കണക്കിന് രോഗികൾക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
3000 പേർ അനുദിനം എത്തുന്നു
ഒരു ദിവസം ഒ.പി വിഭാഗത്തിൽ മാത്രം ആയിരത്തിന് മുകളിൽ രോഗികൾ ഇവിടെയെത്താറുണ്ട്. ഇത് 1500 വരെ പോകുന്ന ദിവസങ്ങളുമുണ്ട്. ഇവരെ അനുഗമിച്ച് ആശുപത്രിയിലെത്തുന്നവരും ഉണ്ട്. 400 കിടക്കകളുള്ള, കാത്ത് ലാബ്, സ്‌ട്രോക് യൂണിറ്റുമടക്കം സജ്ജീകരണങ്ങളുള്ള ആശുപത്രിയാണിവിടം. ട്രോമ കെയർ സെന്റർ ഇവിടെ വികസിപ്പിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. 50 ലേറെ ഡോക്ടർമാരും 70 ലധികം നഴ്സുമാരുമുള്ള ആശുപത്രിയിൽ ആകെ 450 ഓളം ജീവനക്കാർ നിലവിലുണ്ട്. 400 ഓളം ശസ്ത്രക്രിയകളും മാസം ഈ ആശുപത്രിയിൽ നടക്കാറുണ്ട്. ഇത്തരത്തിൽ 3000ത്തിലേറെ പേർ അനുദിനം എത്തുന്ന ആശുപത്രിയിലേക്കാണ് പുതിയ ദേശീയപാതയിൽ നിന്ന് നേരിട്ട് പ്രവേശനം നിഷേധിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |