മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിന് 'സമീപം മണിമലയാറ്റിൽ കടവുകളിൽ മാലിന്യ നിക്ഷേപിക്കുന്നത് ദുരിതമാകുന്നു. ചാക്കുകളിലാക്കിയും പ്ലാസ്റ്റിക്ക് കവറിലുമായി ടൺ കണക്കിന് മാലിന്യമാണ് തള്ളുന്നത്. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതി വ്യാപകമാകുകയാണ്. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി വലിയപാലത്തിനു താഴെയാണ് അറവുശാലകളിൽ നിന്നടക്കമുള്ള മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കുകളിലാക്കി വ്യാപകമായി തള്ളുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്നത് കാരണം ഈ മാലിന്യം ജീർണ്ണിച്ച് പ്രദേശമാകെ ദുർഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷമായി മല്ലപ്പള്ളി പാലത്തിന് താഴ്ഭാഗത്ത് മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നത് മൂലം നായ്ക്കളും പക്ഷികളും ഇത് വലിച്ച് കിണറുകളിൽ കൊണ്ടിടുന്നതായും പരാതിയുണ്ട്. ഇത് കൂടാതെ മാലിന്യം കുന്ന് കൂടി കിടക്കുന്ന കാരണത്താൽ നായ്ക്കളുടെ ശല്യവും ഇവിടെ വർദ്ധിക്കുകയാണ്. അധികൃതർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപ്പെട്ട് മാലിന്യം ഇവിടെ നിന്ന് നീക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |