ടെക്സാസ്: അമേരിക്കയിൽ നിയന്ത്രണം വിട്ട ചെറുവിമാനം ഹൈവേയിൽ തകർന്നുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാർട്ടൻവില്ലെ സ്വദേശികളായ അച്ഛനും മകനുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിമാനം ട്രക്കിലും ട്രെയിലറുകളിലും ഇടിച്ചുണ്ടായ വൻ തീപിടിത്തത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ടെക്സാസിലെ ടാരന്റെ കൗണ്ടിയിലെ ഹിക്ക്സ് എയർ ഫീൽഡിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. നിയന്ത്രണം നഷ്ടമായ വിമാനം കുത്തനെ വീഴുകയും പേവ്മെന്റിലൂടെ നിരങ്ങി നീങ്ങി പാർക്ക് ചെയ്തിരുന്ന ട്രക്കിലും ട്രെയിലറുകളിലും ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയെ തുടർന്ന് ഉഗ്ര ശബ്ദത്തോടെ തീ ആളിക്കത്തുകയും കിലോമീറ്ററുകളോളം കറുത്ത പുക ഉയരുകയും ചെയ്തു. വിമാനം തകർന്നുവീണതിനെ തുടർന്ന് വൻ സ്ഫോടനത്തോടെയാണ് തീ ആളിപ്പടർന്നത്. സംഭവസ്ഥലത്ത് നിന്ന് ഉയർന്ന കറുത്ത പുകയുടെയും അഗ്നിയുടെയും ഭീകര ദൃശ്യം ദൂരസ്ഥലങ്ങളിൽ പോലും ദൃശ്യമായിരുന്നു. ഏകദേശം 100 അടിയോളം ഉയരത്തിൽ പുക ഉയർന്നതായി ദൃക്‌സാക്ഷികൾ സ്ഥിരീകരിക്കുന്നു.
ബീച്ച് കിംഗ് എയർ സി 90 എന്ന ഡബിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് തിരിച്ചറിഞ്ഞു. ഫോർട്ട് വർത്തിലെ അലയൻസ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനമാണിതെന്ന് അഗ്നിശമന സേന സ്ഥിരീകരിച്ചു. അപകടത്തിൽ പത്തോളം ട്രെയിലറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരും ചികിത്സയിലാണ്. അഗ്നിശമന സേനയുടെ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |